കൊച്ചി: ഇനി എന്നാണ് കിറ്റു കിട്ടുക? കൊച്ചിയുടെ തീരപ്രദേശങ്ങളിൽ നിന്നാണ് കൂട്ടത്തോടെ ചോദ്യം. കഴിഞ്ഞ രണ്ടുമാസമായി ഇവിടുത്തെ വീടുകളിൽ അടുപ്പ് പുകഞ്ഞത് സർക്കാരും മറ്റു സന്നദ്ധ സംഘടനകളും നൽകിയ ഭക്ഷ്യകിറ്റു കൊണ്ട് മാത്രമാണ്. കൊവിഡ് ഭീതിയിൽ തെറ്റിയ ജീവിത താളം വീണ്ടെടുക്കാൻ ലോക്ക്ഡൗണിൽ ഇളവ് നേടി കടലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വീണ്ടും പൂട്ടിട്ടത്. കടലിൽ പോകരുതെന്ന് ഇപ്പോൾ വന്ന സർക്കാരിന്റെ നിർദ്ദേശവും ഇനി വരുന്ന ട്രോളിംഗ് നിരോധനവും ഇനി ജീവിതം എങ്ങോട്ടെന്ന ചോദ്യമാണ് ഇവരുടെയുള്ളിൽ ഉയർത്തുന്നത്.
40 മുതൽ 50 ആളുകൾ വരെ പോകുന്ന 46 ഇൻബോഡ് വള്ളങ്ങളാണ് ജില്ലയിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യ ഇരകളാണ് മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്. കഴിഞ്ഞ 62 ദിവസമായിട്ടു ഒരു വള്ളവും കടലിൽ പോയിരുന്നില്ല. 30 പേരെ വച്ച് മത്സ്യബന്ധനത്തിന് പോകാം എന്നു തീരുമാനമായ സമയത്താണ് ന്യൂനമർദ്ദം പ്രതിസന്ധി സൃഷ്ടിക്കുന്നത്.കാലവർഷം ആരംഭിക്കുമ്പോൾ ചാകര ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങി. കൊവിഡ് കാലത്ത് 10,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്.
ധനസഹായം പുകമറയിൽ
''കൊവിഡ് ഭീതിയിൽ ഒരോ മത്സ്യത്തൊഴിലാളിക്കും പ്രതിമാസം 15000 രൂപ വീതം മൂന്ന് മാസത്തേക്ക് ധനസഹായം നൽക്കുന്നതിന് 686 കോടി രൂപ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. മത്സ്യ വരൾച്ച പാക്കേജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും ലഭിച്ചില്ല. ''
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
''ലോണെടുത്താണ് മത്സ്യത്തൊഴിലാളികൾ വള്ളവും ബോട്ടും വാങ്ങുന്നത്. ഒരു കോടി രൂപയാണ് ഇൻബോഡ് വള്ളങ്ങളുടെ നിർമ്മാണ ചിലവ്. 25 ലക്ഷം രൂപ മത്സ്യഫെഡിൽ നിന്ന് ലോൺ കൊടുക്കും. ഉടമകൾ വരുമാനത്തിന്റെ നല്ലൊരു പങ്കും ലോൺ അടക്കാൻ മാറ്റിവെയ്ക്കുകയാണ്. കൊവിഡ് ഭീതിയും കാലാവസ്ഥ വ്യതിയാനവും ഉടമകൾക്കും മത്സ്യത്തൊഴിലാളികൾക്കും കടവും ബാദ്ധ്യതയുമാണ് മിച്ചം വെക്കുന്നത്.''
പി.ബി ദയാനന്ദൻ
മത്സ്യത്തൊഴിലാളി