liquor

കേപ്ടൗൺ: കൊവിഡ് വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് രണ്ട് മാസങ്ങൾ നീണ്ടു നിന്ന സമ്പൂർണ മദ്യ നിരോധനം കഴിഞ്ഞ ദിവസമാണ് സൗത്ത് ആഫ്രിക്ക പിൻവലിച്ചത്. എന്നാൽ ഇതിനു പിന്നാലെ മദ്യ വില്പന കേന്ദ്രങ്ങൾക്ക് മുന്നിൽ കാണാൻ സാധിച്ചത് കസ്റ്റമേഴ്സിന്റെ വൻ നിര. ഇത് കൂടാതെ, ലോക്ക്ഡൗൺ ഇളവ് വരുന്നത് വരെ കാത്തിരിക്കാൻ ക്ഷമ കാട്ടാത്ത ഒരു സംഘം ജോഹന്നാസ് ബെർഗിൽ തുരങ്കം നിർമിച്ച് മദ്യ വില്പന ശാലയുടെ ഉള്ളിൽ പ്രവേശിച്ച് മോഷ്ടിച്ചത് 15,000 പൗണ്ട് ( ഏകദേശം 14,23,389 രൂപ ) വിലമതിക്കുന്ന മദ്യം. !

കഴി‌ഞ്ഞ ദിവസം രാവിലെ മുതൽ തന്നെ മദ്യം വാങ്ങാനെത്തിയവരുടെ വൻ നിരയായിരുന്നു സൗത്ത് ആഫ്രിക്കൻ മദ്യ വില്പന ശാലകൾക്ക് മുന്നിൽ. ഡസൻകണക്കിന് വൈൻ, ബിയർ കുപ്പികളുമായാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. കൊവിഡിനെ തുടർന്നാണ് രാജ്യത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നത്. രാജ്യത്ത് മദ്യപിച്ച് അതിക്രമം ഉണ്ടാക്കി ആശുപത്രികളിൽ അഡ്മിറ്റാകുന്നവരുടെ എണ്ണം വളരെ വലുതായിരുന്നു. കൊവിഡിന് മുമ്പ് സൗത്ത് ആഫ്രിക്കയിലെ 40 ശതമാനം ആശുപത്രി കേസുകളുടെയും പ്രധാന കാരണം മദ്യമായിരുന്നു.

സാധാരണ ഒരാഴ്ചയിൽ തന്നെ ആയിരക്കണക്കിന് ആക്രമ കേസുകളാണ് മദ്യവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ അത്യാഹിക വിഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും മദ്യ നിരോധനം നടപ്പാക്കിയതോടെ ആശുപത്രികളിൽ കൊവിഡ് രോഗികളെ സ്വസ്ഥമായി ചികിത്സിക്കാൻ കഴിഞ്ഞു. എന്നാൽ അതേ സമയം, തന്നെ വീടുകളിൽ നിർമിച്ച വ്യാജമദ്യം അകത്താക്കി ചിലർ മരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തു. ലോക്ക്ഡൗൺ സമയത്ത് യഥാർത്ഥ വിലയുടെ നാലിരട്ടി അധികം ഈടാക്കി കരിഞ്ചന്തയിൽ മദ്യവില്പന നടത്തിയവരും പിടിയിലായി.

18 ഓളം പേർ സൗത്ത് ആഫ്രിക്കയിൽ വ്യാജമദ്യം കഴിച്ച് മരിച്ചെന്നാണ് കണക്ക്. എഥനോൾ മുതൽ സാനിറ്റൈസർ വരെയുള്ളവ ചേർത്ത് വ്യാജ മദ്യം നിർമിച്ചവർ കൂട്ടത്തിലുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി തകർന്ന സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മദ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ളവ തുറക്കാൻ സൗത്ത് ആഫ്രിക്കൻ ഭരണകൂടം അനുമതി നൽകിയത്. ജോലി പോകാനും ആരാധനാലയങ്ങളിലും ഷോപ്പിംഗ് കോംപ്ലസുകളിലും സന്ദർശിക്കാനും ഖനി, ഫാക്ടറികൾ തുടങ്ങിയവ പൂർണമായും പ്രവർത്തിക്കാനുമുള്ള അനുമതി കഴി‌ഞ്ഞ ദിവസം മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു.

മാർച്ച് അവസാനം പ്രാബല്യത്തിൽ വരുത്തിയ കർശന ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചതിന് പ്രസിഡന്റ് സിറിൽ റമഫോസയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ തകർന്നുകൊണ്ടിരുന്ന സൗത്ത് ആഫ്രിക്കൻ സമ്പത്ത് വ്യവസ്ഥ വീണ്ടും കുത്തനെ ഇടിയാൻ കാരണമായി. ഇതുകൊണ്ടാണ് ഇപ്പോൾ ലോക്ക്ഡൗണിൽ വൻ ഇളവുകൾ നൽകിയിരിക്കുന്നത്. എന്നാൽ ഇത് രോഗവ്യാപനം വർദ്ധിപ്പിച്ചേക്കാമെന്ന ആശങ്കയുണ്ട്. നിലവിൽ 34,357 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 705 പേർ മരിച്ചു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് സൗത്ത് ആഫ്രിക്കയിലാണ്.

തുരങ്കം നിർമിച്ച് മോഷണം

കഴിഞ്ഞ ദിവസം മദ്യ വില്പന പുനരാംരംഭിക്കാനായി കട തുറക്കവെയാണ് കടയുടമ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. കടയ്ക്കുള്ളിൽ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന മദ്യ കുപ്പികളുടെ പൊടി പോലുമില്ല. കടയുടെ വാതിലുകളെല്ലാം സുരക്ഷിതാമായി പൂട്ടിയിരുന്നു. കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് കടയുടെ ഫ്ലോറിൽ ഷെൽഫിനോട് ചേർന്ന് ഒരു വലിയ തുരങ്കം കണ്ടെത്തിയത്. 2 അടിയോളം കനമുണ്ടായിരുന്ന കോൺക്രീറ്റ് ഫ്ലോറാണ് മോഷ്ടാക്കൾ അതിവിദഗ്ദമായി തുരന്ന് മദ്യവുമായി കടന്നത്. മൂന്ന് പേർ കടയ്ക്കുള്ളിൽ തുരങ്കത്തിലൂടെ കടക്കുന്നതിന്റെ സിസിടിവ ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ കൂടുതൽ പേർ തുരങ്കത്തിനുള്ളിൽ സഹായത്തിനായി ഉണ്ടായിരുന്നു എന്നാണ് നിഗമനം. ലോക്ക്ഡൗണിന്റെ ഭാഗമായി സിഗററ്റുകളുടെ വില്പനയും സൗത്ത് ആഫ്രിക്കയിൽ നിരോധിച്ചിരുന്നു. 15,000 പൗണ്ട് വിലമതിക്കുന്ന മദ്യമാണ് മോഷ്ടിക്കപ്പെട്ടത്.