മുംബയ്: അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളില്‍ നിസർഗ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകിട്ട് മഹാരാഷ്ട്രയുടെ വടക്കന്‍ മേഖലയില്‍ നിസർഗ ചുഴലിക്കാറ്റ് വീശാനാണ് സാദ്ധ്യത. മുംബയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുംബയില്‍നിന്ന് 500 മീറ്റര്‍ അകലെ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം രാത്രിയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന അറിയിപ്പ്. നിലവില്‍ മുംബയ്ക്ക് 490 കിലോമീറ്ററിനും സൂറത്തിന് 710 കിലോമീറ്ററിനും ഇടയില്‍ വടക്ക് കിഴക്ക് ദിശയിലാണ് കാറ്റ് സഞ്ചാരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണ പ്രദേശമായ ദാമനും ഇടയിലായാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശുന്നത്. ഇതിനോട് ചേര്‍ന്നുള്ള ഗുജറാത്തിലെ വിവിധ ജില്ലകളും കടുത്ത ജാഗ്രതയിലാണ്. മഹാരാഷ്ട്രയിലെ മുംബയ്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പാല്‍ഘറിലെ തീരപ്രദേശങ്ങളില്‍ നിന്നു മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചു. മുംബയ്, താനെ നഗരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 9 യൂണിറ്റ് ദുരന്തനിവാരണ സേനയെ മഹാരാഷ്ട്രയിലെ തീരമേഖലകളിലും 12 യൂണിറ്റ് സേനയെ ഗുജറാത്തിലെ തീരപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും കൊടുങ്കാറ്റിനെ തുടര്‍ന്ന് അടിയന്തിര ചികിത്സക്ക് വേണ്ടുന്നവര്‍ക്കായുള്ള സജ്ജീകരണങ്ങള്‍ തയാറാക്കുകയാണെന്നുമാണ് വിവരം.120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബയ് തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.