ന്യൂഡൽഹി: കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺമൂലം തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗത്തിന് തൊഴിൽ ലഭിച്ചുതുടങ്ങിയെന്ന് റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ (സി.എം.ഇ.ഐ) റിപ്പോർട്ടുകൾ പ്രകാരം 2.1 കോടി ആളുകൾക്കാണ് കഴിഞ്ഞമാസം തൊഴിൽ ലഭിച്ചത്.
ഇതിൽ അധികവും ചെറുകിട വ്യാരികളും ദിവസവേതനക്കാരുമാണ് 1.44 കോടി ആളുകൾക്കാണ് ഈ വിഭാഗത്തിൽ തൊഴിൽ ലഭിച്ചത്. ഇതിനാെപ്പം സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ തൊഴിൽ കണ്ടെത്തിയിരുന്നവരും പതിയെ തങ്ങളുടെ മേഖലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ കാണിക്കുന്നു. മേയ് മാസത്തെ കണക്കുകൾ പ്രകാരം പുതിയ തൊഴിൽ അവസരങ്ങളുടെ കാര്യത്തിൽ 7.5ശതമാനം വളർച്ചയാണ് ഉണ്ടായത്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തൊഴിലില്ലായ്മയുടെ തോത് വർദ്ധിച്ചു. 23.5ശതമാനമാണ് തൊഴിലില്ലായ്മയുടെ തോത്. അതേസമയം, വലിയ ശമ്പളം ലഭിക്കുന്ന ജോലികൾ നഷ്ടപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സി.എം.ഇ.ഐ മേധാവി മഹേഷ് വ്യാസ് നഷ്ടപ്പെട്ട ഇത്തരം ജോലികൾ തിരികെ ലഭിക്കുക വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ലോക്ക്ഡൗൺ രാജ്യത്തിന് എത്രത്തോളം ആഘാതമുണ്ടാക്കിയെന്ന് ഈ മാസം മുതൽ വ്യക്തമായി തുടങ്ങുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.