തിരുവനന്തപുരം: പൊലീസ് വെരിഫിക്കേഷൻ ആവശ്യമായ ഡിജിറ്റൽ സിഗ്‌നേച്ചർ അപേക്ഷ അംഗീകരിക്കാത്തതും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാത്തതും കാരണം സംസ്ഥാനത്ത് നൂറു കണക്കിന് അപേക്ഷകർക്ക് പാസ്‌പോർട്ട് ലഭിക്കുന്നില്ല. മാർച്ചിൽ കാലാവധി തീർന്ന ഡിജിറ്റൽ സിഗ്‌നേച്ചറുകൾ ഇതുവരെ പുതുക്കി നൽകിയിട്ടില്ല.
സംസ്ഥാന പൊലീസ് സേനയിലെ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗങ്ങൾ തിരുവനന്തപുരത്തുള്ള പാസ്‌പോർട്ട് ഓഫീസറുമായി നേരിട്ട് സംസാരിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നറിയുന്നു. പാസ്‌പോർട്ടിനുള്ള പുതിയ അപേക്ഷകൾ, പുതുക്കുന്നതിന്, പേര്, വീട്ടു പേര് എന്നിവ മാറ്റുന്നതിന്, ഭർത്താക്കന്മാരുടെയും മക്കളുടെയുമൊക്കെ പേരുകൾ ചേർക്കുന്നതിനും അടക്കം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് നൽകിയ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
പാസ്‌പോർട്ട് ഓഫീസുകളിൽ അപേക്ഷ സ്ഥിരീകരിച്ചാൽ പിന്നെ അപേക്ഷകനെ കുറിച്ചുള്ള പൊലീസ് പരിശോധന നടക്കും. ഇത് പൂർത്തിയാക്കി അയക്കണമെങ്കിൽ ഓൺലൈനിൽ ആയതിനാൽ ഡിജിറ്റൽ സിഗ്‌നേച്ചർ വേണം. ഒരു വർഷമാണ് ഇതിന്റെ കാലാവധി. ഇത് അംഗീകരിച്ചു നൽകണ്ടത് പാസ്‌പോർട്ട് കേന്ദ്രമാണ്. പത്തനംതിട്ട ജില്ലയിൽ ഇതിന്റെ കാലാവധി മാർച്ചിൽ തീർന്നു.
കാലാവധി തീർന്ന സമയത്ത് തന്നെ അപേക്ഷ നൽകിയെങ്കിലും ലോക് ഡൗൺ ആയതിനാലാവാം ഇതു വരെ അംഗീകാരം ലഭിച്ചിട്ടില്ല. മറ്റു പല ജില്ലകളിലും ഈ പ്രശ്നമുണ്ട്. കേന്ദ്ര സർക്കാർ സ്ഥാപനമായ പാസ്‌പോർട്ട് ഓഫീസിന്റെ ഉദാസീനത മൂലമാണ് ഇങ്ങനെ ഒരു സ്ഥിതി സംജാതമായത്. ആസ്ട്രേലിയയിലും ന്യൂസിലന്റിലും അയർലന്റിലും അടക്കം ജോലി ഉറപ്പാക്കിയ നിരവധി ആളുകളാണ് പാസ്‌പോർട്ട് ലഭിക്കാതെ പ്രതിസന്ധിയിലായത്.അന്താരാഷ്ട വിമാന സർവീസുകൾ ആരംഭിച്ചാൽ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന അറിയിപ്പ് കിട്ടിയവരടക്കമുള്ള അപേക്ഷകരുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലാകും.