കിളിമാനൂർ: കൊവിഡിന് ശേഷം ഉണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് ' എല്ലാവരും കൃഷിയിലേക്കിറങ്ങണം, എല്ലാസ്ഥലത്തും കൃഷി ചെയ്യണം' എന്ന ലക്ഷ്യം മുൻനിറുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയിൽ മികച്ച തുടക്കം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം ഓരോവ്യക്തിക്കും തങ്ങളുടെ വീട് ഒഴിച്ചുള്ള പുരയിടത്തിൽ ഏത് കൃഷിയും ചെയ്യാം. കൃഷി ഭൂമി ഇല്ലാത്തവർക്ക് ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യാൻ അവസരമുണ്ട്. തരിശ് ഭൂമി വിട്ടു നൽകുന്ന ഭൂവുടമയ്ക്കും പാട്ടത്തിനെടുക്കുന്ന കർഷകനും ഓരോ കൃഷിക്ക് അനുസരിച്ചുള്ള സർക്കാർ സഹായവും സബ്സിഡിയും ലഭിക്കും. ഇതോടെ മുഴുവൻ ഭൂമിയും തരിശ് രഹിതമാക്കുന്നതോടൊപ്പം കൊവിഡിന് ശേഷം വരാൻ സാദ്ധ്യതയുള്ള ഭക്ഷ്യക്ഷാമം തടയാനും വിവിധ കൃഷിയിൽ സ്വയം പര്യാപ്‌തത കൈവരിക്കാനും സാധിക്കും.
മൂന്ന് വർഷം യാതൊരു കൃഷിയും ചെയ്യാതെ വെറുതേകിടന്നസ്ഥലങ്ങളെയാണ്
' തരിശ് ' ഭൂമിയായി കണക്കാക്കി കൃഷിക്കായി ഉപയോഗിക്കുന്നത്
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കൃഷികളും സ്ഥലവും
-----------------------------------------------------------------------------
നെല്ല് - 200 ഹെക്ടർ
വാഴ - 300 ഹെക്ടർ
പഴവർഗങ്ങൾ - 250 ഹെക്ടർ
കിഴങ്ങ് വർഗങ്ങൾ - 250 ഹെക്ടർ.
പയർ വർഗങ്ങൾ - 20 ഹെക്ടർ
ചെറു ധാന്യം 15 ഹെക്ടർ
മത്സ്യക്കൃഷി - 30 ഹെക്ടർ.
കൃഷിക്ക് ലഭിക്കുന്ന ആനുകൂല്യം
---------------------------------------------------------
നെല്ല് ഹെക്ടറിന്: 40,000 രൂപ ( ഭൂവുടമ കൃഷി ചെയ്യുകയാണങ്കിൽ മുഴുവൻ തുകയും
അയാൾക്ക് ലഭിക്കും, അല്ലെങ്കിൽ ഭൂവുടമയ്ക്ക് 5000, പാട്ടത്തിനെടുക്കുന്ന കർഷകന് 35,000 )
വാഴ - 35,000 ( 3000 കർഷകന്, 32,000 ഉടമയ്‌ക്ക് ).
പഴവർഗങ്ങൾ - 30,000 ( 3000 ഉടമയ്‌ക്ക്, 27,000 കർഷകന് )
ചെറുധാന്യം - 30,000, ( 3000 ഉടമയ്‌ക്ക്, 27,000 കർഷകന്)
കിഴങ്ങ് വർഗം - 30,000 ( 3000 ഉടമയ്‌ക്ക്, 27,000 കർഷകന് )
വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യക്കൃഷിക്ക് സബ്സിഡി (49,200 )
ബയോ ഫ്ലോക്ക് മത്സ്യക്കൃഷി (55, 200 )
കൂട്ടായ പ്രവർത്തനം അനിവാര്യം
-------------------------------------------------------
വാർഡ് തലത്തിൽ മെമ്പർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. യുവജനങ്ങൾ, കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ എന്നിവരുടെ സേവനം ഉപയോഗിക്കാം. പഞ്ചായത്ത്, മുൻസിപ്പൽ പ്രസിഡന്റുമാർ, മെമ്പർമാർ, സെക്രട്ടറി, കൃഷി ഓഫീസർ വി.ഇ.ഒ, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയതാണ് മോണിറ്ററിംഗ് കമ്മിറ്റി. കുറഞ്ഞത് 25 സെന്റിലെങ്കിലും ഒരു ഗ്രൂപ്പ് കൃഷി ചെയ്യണം.
പ്രതികരണം
----------------------------------
ഭൂഉടമകളിൽ നിന്നും കർഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നു
(നൗഷാദ്, അസിസ്റ്ററ്റ് കൃഷി ഡയറക്ടർ )