തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് ഒരുദിവസം മുമ്പ് ടോം ജോസ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കൊപ്പം ശബരിമലയിലേക്ക് ഹെലികോപ്ടർ യാത്ര നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രളയത്തിൽ പമ്പ - ത്രിവേണി നദികളിൽ അടിഞ്ഞുകൂടിയ മണൽ സൗജന്യമായി നീക്കം ചെയ്യുന്നതിനായി ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കാനെന്ന പേരിൽ കണ്ണൂരിലെ സി.പി.എം നേതാവ് ചെയർമാനായ മണൽവാരാൻ സാങ്കേതിക പരിജ്ഞാനമില്ലാത്ത പൊതുമേഖലാസ്ഥാപനത്തിന് മണലെടുക്കാൻ അനുമതി നൽകുകയായിരുന്നു.
വനസ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ അത് വിൽക്കാനാവില്ല. ഇക്കാര്യത്തിൽ വനംമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനങ്ങൾ ബഡായി ബംഗ്ളാവാണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിന്റെ മറവിൽ എന്തുകൊള്ളയും നടത്തിയാൽ അത് ചോദിക്കാൻ ഒരു പ്രതിപക്ഷം ഉണ്ടായിപ്പോയല്ലോ എന്നുകരുതിയാകും പ്രതിപക്ഷ നേതാവ് ഇങ്ങനെ ആയിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല തിരിച്ചടിച്ചു.