ന്യൂഡൽഹി: ഡൽഹി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരിയെ സ്ഥാനത്ത് നിന്ന് നീക്കി. പുതിയ അദ്ധ്യക്ഷനായി ആദേശ് കുമാർ ഗുപ്തയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നിയമിച്ചു. മുൻ നോർത്ത് ഡൽഹി മേയറാണ് ആദേശ് കുമാർ ഗുപ്ത. ഡൽഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ ബി.ജെ.പിക്കുള്ളിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് അദ്ധ്യക്ഷസ്ഥാനം ഒഴിയാൻ തിവാരി താൽപര്യപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഡൽഹിയിൽ തിരഞ്ഞെടുപ്പിൽ നാൽപത്തിയെട്ട് സീറ്റുകളിൽ വിജയം നേടുമെന്നയായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാൽ ഫലം വന്നപ്പോള്‍ ഏട്ട് സീറ്റുകളിലേക്ക് ബി.ജെ.പി ഒതുങ്ങുകയായിരുന്നു.
നിലവിൽ ലോക്സഭാ അംഗമായ തിവാരി 2016 ലാണ് ബി.ജെ.പി ഡൽഹി അദ്ധ്യക്ഷനായി തിവാരി സ്ഥാനമേറ്റത്. ബി.ജെ.പി ഡൽഹി അദ്ധ്യക്ഷ സ്ഥാനത്തിരിക്കെ ലോക്ക് ഡൗൺ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി മനോജ് തിവാരിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് മാച്ച് വലിയ വിവാദമായിരുന്നു.