ആറ്റിങ്ങൽ: ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ നടപടികളും സജ്ജമാക്കാൻ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ആറ്റിങ്ങലിൽ നടന്നു. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ സർക്കാർ ഓഫീസുകളും പരിസരവും ഉച്ചയ്ക്ക് 2 മുതൽ 3 മണി വരെ ശുചീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ അൺ എയ്ഡഡ് ഉൾപ്പെടെ എല്ലാ സ്കൂളുകളും ഏറ്റെടുക്കും. ടൊയ്‌ലെറ്റ് സംവിധാനം ഉൾപ്പെടെ സജ്ജമാക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. ക്വാറന്റൈനിൽ കഴിയുന്നവരെയും കുടുംബത്തെയും മാറ്റി പാർപ്പിക്കേണ്ടി വന്നാൽ പ്രത്യേക സംവിധാനം ഉണ്ടാക്കും. എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിരോധ മരുന്നുൾപ്പെടെ വാങ്ങി ശേഖരിക്കാനും ഏത് അപകടഘട്ടത്തെയും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. വിശ്വനാഥൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, മുനിസിപ്പൽ എൻജിനിയർ സിമി എന്നിവർ പങ്കെടുത്തു.