തിരുവനന്തപുരം: ''എന്റെ തങ്കുപൂച്ചേ,... മിട്ടു പൂച്ചേ...ഇനി എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ നീട്ടിവിളിച്ചേ... ..'' വീടുകളുടെ ഉമ്മറത്ത്ടി.വിക്കു മുന്നിലിരുന്ന ഒന്നാം ക്ളാസ്സുകാരായ കുരുന്നുകളും അതേറ്റു ചൊല്ലി.. 'എന്റെ തങ്കു പൂച്ചേ...
കുഞ്ഞുങ്ങൾക്ക് മാത്രമല്ല, ടി.വിയിൽ വിക്ടേഴ്സ് ചാനലിൽ സായി ശ്വേത ടീച്ചറുടെ ഇമ്പമാർന്ന ഒാൺലൈൻ ക്ലാസ്സ് അവതരണം കണ്ടിരുന്ന രക്ഷിതാക്കൾക്കും ആസ്വാദ്യകരമായി . അതോടെ,സർക്കാർ ഓൺലൈൻ ക്ലാസ് തുടങ്ങിയതിന്റെ ആദ്യ ദിനം തന്നെ, വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്‌കൂളിലെ സായി ശ്വേത ടീച്ചർക്ക് കൈവന്നത് താരപരിവേഷം . പക്ഷേ,സംസ്കാരശൂന്യരായ ചില പ്രേക്ഷകർ ,ടീച്ചർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സഭ്യമല്ലാത്ത ട്രോളുകൾ . നർത്തികിയും പാട്ടുകാരിയുമായ ടീച്ചറുടെ നൃത്തത്തിലൂടെയും ആലാപനത്തിലൂടെയുമുള്ള പഠനത്തിൽ ചിലത് ടിക് ടോക് വീഡിയോയായി..ഇതും ,ടീച്ചറുടെ പഴയ ഫേസ്‌ബുക്ക് പോസ്റ്റുകളും കുത്തിപ്പോക്കിയായിരുന്നു ലീലാവിലാസങ്ങൾ..
സംസ്ഥാനത്തെ 'അദ്ധ്യാപകക്കൂട്ടം' വാട്സാപ്പ് ഗ്രൂപ്പിലിട്ട ശ്വേതയുടെ വീഡിയോ പിന്നീട് ബ്ലോഗിലേക്കിട്ടത് ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.ഇതാണ് ശ്വേതയെ വിക്ടേഴ്സ് ചാനലിലെത്തിച്ചത് ..ചാനൽ അധികൃതർ നാല് ദിവസം മുമ്പാണ് സ്‌കൂളിലെത്തി ശ്വേതയുടെ ക്ലാസ് ചിത്രീകരിച്ചത്. ശ്വേത അദ്ധ്യാപികയായത് ഒരു വർഷം മുമ്പ്..സൗദിയിൽ ജോലിയുള്ള മുതുവടത്തൂർ സ്വദേശി
ദിലീപ് ഭർത്താവ്..
''അയ്യോ ക്ലാസ് വൈറലായോ? ഒന്നാം ക്ളസിലെ കുട്ടികളല്ലേ.. അവരുടെ ഇഷ്ടം നോക്കിയല്ലേ പഠിപ്പിക്കേണ്ടത്. മറ്റൊന്നും കാര്യമാക്കുന്നില്ല''
- സായി ശ്വേത ടീച്ചർ
പിന്തുണയുമായി
സാംസ്കാരിക കേരളം
' പ്രിയപ്പെട്ട അനിയത്തിക്കുട്ടി, നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ ഗുരുനാഥന്മാർ.കുട്ടികളുടെ മനസറിഞ്ഞ് വിദ്യ ഓതുന്നവർ... കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കളയും.സായിശ്വേതേ, ഡയറിയിൽ എഴുതി വച്ചോളൂ, നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന തലമുറയ്ക്കു വേണ്ടി നിങ്ങൾ വിത്തെറിഞ്ഞിട്ടുണ്ടെന്ന്. അഭിവാദ്യങ്ങൾ''
- ഹരീഷ് പേരടി, നടൻ
''ഒന്നാം ക്ലാസ്സിലെ കുഞ്ഞിപ്പിള്ളേരുടെ കൂടെ മുതുക്കൻമാർ കയറിയിരുന്ന് ടീച്ചറെ ട്രോളി തമാശിക്കാൻ ശ്രമിക്കുന്നത് മനോ വൈകൃതമാണ്''
-അശ്വതി ശ്രീകാന്ത്, അവതാരകI
നടപടി സ്വീകരിക്കും: മന്ത്രി
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളെടുത്ത അദ്ധ്യാപികമാരെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കുട്ടികളുടെ പഠനം മുടങ്ങിപ്പോകാതിരിക്കാൻ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. സംസ്കാരശൂന്യരായ ചിലരാണ് അദ്ധ്യാപികമാരെ പരിഹസിക്കാൻ തയ്യാറായത്. ഇത്തരക്കാർക്കെതിരെ കേസെടുക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പൊലീസ് കേസെടുത്തു
തിരുവനന്തപുരം: വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപികമാർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്‌ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അദ്ധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ യുവജനകമ്മിഷനും വനിതാകമ്മിഷനും സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി