ബീജിംഗ് : വുഹാനിൽ പുതിയ ഇനം വൈറസ് മനുഷ്യരിൽ പടർന്നു പിടിക്കുന്നതായി കണ്ടെത്തിയ ഡോ. ലീ വെൻ ലിയാംഗിന്റെ സഹപ്രവർത്തകനായിരുന്ന ഡോ. ഹു വെയ്ഫംഗ് മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ആയിരുന്ന ഹു വെള്ളിയാഴ്ചയാണ് മരിച്ചത്. നാല് മാസത്തോളമായി കൊവിഡുമായി മല്ലിടുകയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് വുഹാൻ സെൻട്രൽ ഹോസ്പിറ്റലിൽ മരിക്കുന്ന ആറാമത്തെ ഡോക്ടറാണ് ഹു. നിലവിൽ ചൈനയിൽ 4,634 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചെന്നാണ് ഭരണകൂടം പറയുന്നത്. 1.4 ബില്യൺ ജനങ്ങൾ താമസിക്കുന്ന ചൈനയിൽ 83,022 പേർക്കാണ് കൊവിഡ് ബാധിച്ചതെന്നും അധികൃതർ പറയുന്നു.
അതേ സമയം, ഹു വിന്റെ മരണത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വുഹാൻ സെൻട്രൽ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല. ഫെബ്രുവരി ആദ്യം ഇവിടുത്തെ 68 ജീവനക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്. ചികിത്സയിൽ കഴിഞ്ഞ ഹുവിന്റെ നില അതീവ ഗുരുതരമായിരുന്നു. കരളിന്റെ പ്രവർത്തനം തകരാറിലായ ഹുവിന്റെ ത്വക്ക് ഇരുണ്ട നിറമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ചൈനീസ് മാദ്ധ്യമങ്ങൾ നേരെ പുറത്തുവിട്ടിരുന്നു. ഹുവിനെ പോലെ തന്നെ ചികിത്സയ്ക്കിടെ ത്വക്ക് ഇരുണ്ട് ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന മറ്റൊരു ഡോക്ടറായിരുന്ന യി ഫെൻ രോഗമുക്തനാവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഇവരുടെയെല്ലാം സഹപ്രവർത്തകനായിരുന്ന ഡോ. ലീ വെൻ ലിയാംഗിന്റെ മരണം ചൈനീസ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡിസംബറിൽ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നൽകിയ 34 കാരനായ ഓഫ്ത്താൽമോളജിസ്റ്റായ ലീയുടെ ആരോപണങ്ങൾ ഭരണകൂടം തള്ളിയിരുന്നു. മാത്രവുമല്ല ലീയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒടുവിൽ രോഗികളെ ചികിത്സിച്ച ലീയ്ക്ക് ജനുവരിയിൽ കൊവിഡ് പിടിപെടുകയും ഫെബ്രുവരിയിൽ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ലീയെ പോലെ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നൽകിയ വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ ജീവനക്കാരെ അതികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആശുപത്രിയിലെ എമർജൻസി യൂണിറ്റ് ഡയറക്ടറായ ഐ ഫെൻ പറഞ്ഞിരുന്നു. ഇതേ വരെ രാജ്യത്ത് മരണമടഞ്ഞ ആരോഗ്യപ്രവർത്തകരുടെ യഥാർത്ഥ കണക്ക് ചൈന ഇതേവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം, ലീ വെൻ ലിയാംഗ് ഉൾപ്പെടെ കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 35 ഓളം ആരോഗ്യ പ്രവർത്തകർക്ക് മരണാനന്തര ആദരം നൽകിയിരുന്നു. ഫെബ്രുവരിയിൽ 3,387 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നാഷണൽ ഹെൽത്ത് കമ്മീഷൻ പറഞ്ഞിരുന്നു.