തിരുവനന്തപുരം: കാലവർഷത്തെ ആദ്യമഴയിൽ തലസ്ഥാന നഗരം വെള്ളത്തിലായി. പ്രധാനഭാഗങ്ങളെല്ലാം പുലർച്ചെ തന്നെ വെള്ളക്കെട്ടിൽ മുങ്ങി. കിഴക്ക് മണികണ്ഠേശ്വരത്തും പടിഞ്ഞാറ് അടിമലത്തുറയിലും കനത്തമഴയും വെളളക്കെട്ടും മൂലം ജനജീവിതം ദുഃസഹമായി. കളക്ടർ നവജ്യോത് ഖോസെയും മേയർ കെ.ശ്രീകുമാറും പ്രശ്നബാധിത സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തര സഹായം ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞു.
പുലർച്ചെ തുടങ്ങിയ മഴയ്ക്ക് ഉച്ചയോടെയാണ് ചെറിയ ശമനമായത്. മഴ രൂക്ഷമായതോടെ അരുവിക്കര, നെയ്യാർ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി. കരമനയാർ, കിള്ളിയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. സമീപത്തെ വീടുകളിലും വെളളം കയറി. മഴക്കാല പൂർവ ശുചീകരണം പാളിയതും ഓടകൾ പലതും വൃത്തിയാക്കാത്തതും നഗരത്തിലെ വെള്ളക്കെട്ടിന് വീണ്ടും കാരണമായി. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെയാണ് ജില്ലയിൽ മഴ കനത്തത്. ഇതോടെ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു. തമ്പാനൂർ എസ്.എസ്.കോവിൽ റോഡ്, ജഗതി,അട്ടക്കുളങ്ങര,കിള്ളിപ്പാലം,ചാല,വേളി, പാച്ചല്ലൂർ, കണ്ണമ്മൂല ബണ്ട് റോഡ് കോളനി,പാച്ചല്ലൂർ,മുട്ടത്തറ,പേട്ട, ആനയറ എന്നിവിടങ്ങളിലും വെള്ളം കയറി. ചാലക്കമ്പോളത്തിൽ വെള്ളക്കെട്ട് രൂക്ഷമായത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലച്ചു.നഗരത്തിലെ ആമയിഴഞ്ചാൻ തോട് നിറഞ്ഞ് പഴവങ്ങാടി ഭാഗങ്ങളിൽ വെള്ളം കയറിയത് വ്യാപാര സ്ഥാപനങ്ങളെ ബാധിച്ചു. ഡ്രെയിനേജ് മാലിന്യമടക്കം കടകളിലേക്ക് ഒഴുകിയെത്തി. അടിമലത്തുറ, അമ്പലത്തുമൂല പ്രദേശങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി. ചിറ്റാറും കിള്ളിയാറും കരമനയാറും കരകവിഞ്ഞൊഴുകി. തീരത്ത് താമസിച്ചിരുന്നവർക്ക് ബന്ധുവീടുകളിലേക്ക് മാറേണ്ടിവന്നു. കടകംപ്പള്ളി വില്ലേജിൽ വെള്ളം കയറിയതോടെ ശ്രീചിത്രയുടെ ക്വാർട്ടേഴ്സിൽ നിന്നു ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അരുവിക്കര,നെയ്യാർ ഡാമിന്റെ ഷട്ടറുകൾ രാവിലെ ഏഴോടെ ഉയർത്തി.മൂന്നും അഞ്ചും വീതം ഷട്ടറുകൾ വിവിധ ഘട്ടങ്ങളായാണ് ഉർത്തിയത്.ഉച്ചയ്ക്ക് മഴയ്ക്ക് ശമനമുണ്ടായതോടെ ഇവ താഴ്ത്തി.അതേസമയം മഴ കൂടുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകൾ ഉയർത്താൻ സാദ്ധ്യതയുണ്ടെന്നും കിള്ളിയാറിന് അരികിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കരിമഠംകോളനിയിൽ വെള്ളംകയറി
അട്ടക്കുളങ്ങരയിലെ കരിമഠം കോളനിയിൽ വെള്ളംക്കയറാത്ത ഒറ്റ വീടുപോലും ഇല്ല. പുലർച്ചെ മുതൽ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ പലരും മറ്രിടങ്ങളിലേക്ക് പോയി.നൂറോളം വീടുകൾ പകുതിയിലേറെ മുങ്ങി.കിടക്കയടക്കമുള്ള വീട്ടുപകരണങ്ങൾ വെള്ളത്തിൽ ഒഴുകി. പ്രദേശത്തെ കുളത്തിൽ നിന്ന് ഇറച്ചിമാലിന്യം അടക്കമുള്ളവ വീടുകളിലേക്ക് ഒഴുകിയെത്തി. ചാല കമ്പോളത്തിൽ നിന്നും കൊണ്ടിടുന്ന മാലിന്യമാണ് ഇത്തരത്തിൽ ഒഴുകിയെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
മണികണ്ഠേശ്വരത്ത് പ്രതിഷേധം
കിള്ളിയാർ കരകവിഞ്ഞതോടെ സംരക്ഷണ ഭിത്തിയില്ലാത്ത മണികണ്ഠേശ്വരം ഭാഗത്ത് ആശങ്ക വർദ്ധിച്ചു.കിള്ളിയാറിന്റെ കെെവഴികളിലെ നിരവധി വീടുകളിൽ വെള്ളംകയറി.അപകട ഭീഷണിയെ തുടർന്ന് പത്തോളം കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടി. നൂറോളം വീടുകളുള്ള മണികണ്ഠേശ്വരം ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെട്ടയം ഏരിയാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. റോഡരികിൽ അവർ ധർണയും നടത്തി. ധർണ ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. തേക്കുംമുടും, പേരൂർക്കടയും ചിലയിടങ്ങളിൽ വെള്ളം കയറി. നെടുമങ്ങാട് 54 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
അടിമലത്തുറയിൽ വെള്ളക്കെട്ട് രൂക്ഷം
അടിമലത്തുറ ഭാഗത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്കം രൂക്ഷമായതോടെ ചാക്കിൽ മണ്ണ് നിറച്ച് വീടിന് മുന്നിലും പൊതുവഴികളിലും നാട്ടുകാർ നിരത്തി. മിക്ക വീടുകളിലെയും ഗൃഹോപകരണങ്ങളും വെള്ളം കയറി നശിച്ചെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായിട്ടും അധികാരികളാരും എത്തിയില്ലെന്നും തീരദേശവാസികൾ പരാതി ഉന്നയിച്ചു.
വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചു. ജില്ലയിലെ മഴക്കെടുതി വിലയിരുത്തി കാലവർഷ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കും. മഴക്കാല ശുചീകരണ പ്രവർത്തനം ശക്തമാക്കും.വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
-കളക്ടർ നവ്ജ്യോത് ഖോസ
തുടർച്ചയായി പെയ്ത മഴയിൽ കരമനയാറും കിള്ളിയാറും കരകവിഞ്ഞൊഴുകിയതാണ് നഗരത്തിൽ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്ന തമ്പാനൂർ,ഓവർബ്രിഡ്ജ്,കിഴക്കേകോട്ട എന്നിവിടങ്ങളിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്.
-മേയർ കെ.ശ്രീകുമാർ
ഇന്നലെ ലഭിച്ച മഴ
തിരുവനന്തപുരം വിമാനത്താവളം-13 സെന്റീ മീറ്റർ
തിരുവനന്തപുരം നഗരം-11 സെന്റീ മീറ്റർ
നെയ്യാറ്റിൻകര-12 സെന്റീ മീറ്റർ
നെടുമങ്ങാട്-7സെന്റീ മീറ്റർ