വെള്ളറട: തമിഴ്നാട് അതിർത്തി റോഡ് ഒരാൾ പൊക്കത്തിൽ മെറ്റൽ തട്ടി അടച്ചു. കാൽനടയായി പോലും അതിർത്തികടക്കാൻ കഴിയാത്ത വിധത്തിൽ നെട്ടപാലത്തിനു സമീപത്തെ റോഡാണ് അടച്ചത്. ഇതോടെ നെടുമങ്ങാട് - കന്യാകുമാരി റോഡുവഴി ഒരു വാഹനത്തിനും അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയായി. അതിർത്തിയിലെ നെട്ട പൊലീസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിനോക്കിയിരുന്ന പൊലീസുകാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാണ് റോഡ് അടച്ചത്. ആറു മാസത്തേക്ക് ചെക്ക് പോസ്റ്റ് പൂർണമായും അടച്ചതായി പൊലീസ് പറഞ്ഞെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ചെക്ക് പോസ്റ്റിൽ സ്ഥാപിച്ചിരുന്ന കാമറയും വയർലെസ് സംവിധാനങ്ങളും എടുത്തുമാറ്റി. നെട്ട റോഡ് അടഞ്ഞതോടെ അതിർത്തിയിൽ താമസിക്കുന്ന 150 ഓളം കുടയേറ്റ കർഷക കുടുംബങ്ങൾ ഒറ്റപ്പെട്ടു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തി താമസിക്കുന്ന ഇവർക്ക് ഒരുവിധത്തിലും കേരളവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി വാഹനം അതിർത്തിവരെയെങ്കിലും എത്തേണ്ട സംവിധാനം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.