 പ്ലസ്‌ ടു പരീക്ഷയ്ക്കെത്തിയ 20 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

നെടുമങ്ങാട്: കൊവിഡ് സ്ഥിരീകരിച്ച പെയിന്റിംഗ് തൊഴിലാളിയുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും കുഴപ്പിക്കുന്നു. ഇയാൾ സ്ഥിരമായി തമിഴ്‌നാട്ടിൽ നിന്ന് മദ്യം വാങ്ങി നെടുമങ്ങാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പന നടത്തിയിരുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. 17ന് പുല്ലേക്കോണത്ത് തദ്ദേശ ജനപ്രതിനിധികൾ ഉൾപ്പടെ പങ്കെടുത്ത വിവാഹച്ചടങ്ങിൽ ഇയാൾ സജീവ സാന്നിദ്ധ്യമായിരുന്നു. അന്നേദിവസം ഇയാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതാണ് അധികൃതരെ വലയ്ക്കുന്നത്. എവിടെയൊക്കെ യാത്ര ചെയ്‌തുവെന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. മൊബൈൽ ടവറുകൾ പരിശോചിച്ച് റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള സാദ്ധ്യതയാണ് മൊബൈൽ ഫോൺ നഷ്ടമായതോടെ ഇല്ലാതായത്. 18 ദിവസം മുമ്പ് മുതലുള്ള റൂട്ട് മാപ്പാണ് നിലവിൽ തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളെ ഇന്നലെ കൊറോണ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളോടൊപ്പം ആനാട്ടെ മദ്യപാന സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഇപ്പോഴും ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആനാട് സ്വദേശിയായ മറ്റൊരു യുവാവിന്റെ സ്രവ പരിശോധന ഇന്നലെ നടന്നു. 29ന് ഇയാളെ അവശനിലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച സഹോദരന്റെ പ്ലസ്‌ടു വിദ്യാർത്ഥിയായ മകനൊപ്പം കരകുളത്തെ പരീക്ഷാ സെന്ററിലുണ്ടായിരുന്ന 20 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ആനാട്ടെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ഒരു ക്വാറന്റൈൻ സെന്റർ കൂടി സജ്ജമാക്കി. പനവൂരിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ക്വാറന്റൈൻ സെന്റർ തുടരുന്നുണ്ട്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ 40 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്. തഹസീൽദാർ എം.കെ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, മെഡിക്കൽ ഓഫീസർ മനോജ്‌കുമാർ, കൊവിഡ് നോഡൽ ഓഫീസർ സുദീപ്, നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സെന്ററുകളുടെ പ്രവർത്തനം.