ബാലരാമപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബാലരാമപുരം, കല്ലിയൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. തോരാതെ പെയ്ത മഴയിൽ നേമം ബ്ലോക്കിലെ പൂങ്കോട് ഡിവിഷനിൽ വെടിവെച്ചാൻകോവിൽ, മൈങ്കല്ലിയൂർ, ഭഗവതിനട പ്രദേശങ്ങളിലെ നിരവധി വീടുകൾ അപകടാവസ്ഥയിലായി. ഭഗവതിനട പാൽസൊസൈറ്രിക്ക് സമീപം വീടിന്റെ മതിൽ പൂർണമായും തകർന്നു. കൂടാതെ ഈ പ്രദേശത്ത് ഓട നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തത് കുഴികൾ രൂപപ്പെട്ടതിനാൽ ഓടയുടെ സമീപത്തെ വീടുകളെല്ലാം അപകട ഭീഷണി നേരിടുകയാണ്. വെടിവെച്ചാൻകോവിലിൽ മൈങ്കല്ലിയൂർ കനാൽ ബണ്ട് പൊട്ടി നടപ്പാത തകർന്നു. നടപ്പാതയ്ക്ക് സമീപത്തെ വീടുകളും അപകടാവസ്ഥയിലാണ്. മുടവൂർപ്പാറ ദിലീപ് റോഡിൽ ഇന്റർലോക്ക് സംവിധാനത്തിലെ പിഴവ് കാരണം കനത്ത വെള്ളക്കെട്ടുണ്ടായി. സമീപത്തെ വീടുകളിലെ കിണറുകളും ഡ്രെയിനേജും തകർന്നു. വെടിവെച്ചാൻകോവിൽ മൈങ്കല്ലിയൂരിൽ സതികുമാരി, ഭഗവതിനട സരസ്വതിഭവനത്തിൽ കൃഷ്ണൻനായർ, മൈങ്കല്ലിയൂർ താഴത്ത് വീട്ടിൽ ശ്രീകുമാരി, മുടവൂർപ്പാറ ദിലീപ് റോഡിൽ ബിനു എന്നിവരുടെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്. വീരേന്ദ്രകുമാർ, പള്ളിച്ചൽ വില്ലേജ് ഓഫീസർ ആൽബി, സ്പെഷ്യൽ വില്ലേജ് ഓഫീസർ അനിൽ, ക്ലാർക്ക് ശൈലേന്ദ്രൻ, വാർഡ് മെമ്പർ ചിത്ര എന്നിവർ മഴക്കെടുതി നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ചു. കല്ലിയൂരിൽ ആറാട്ട് കടവ് തോട് കരകവിഞ്ഞ് 15ഓളം വീടുകളിൽ വെള്ളം കയറി. ബണ്ട് റോഡും അപകടാവസ്ഥയിലാണ്. തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാദ്ധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അഡ്വ.എം.വിൻസെന്റ് എം.എൽ.എ അറിയിച്ചു.
സെപ്റ്റിക് ടാങ്ക് തകർന്ന് കാറും ഇരുചക്രവാഹനങ്ങളും ടാങ്കിനുള്ളിലകപ്പെട്ടു
ബാലരാമപുരത്ത് വീടിന് മുന്നിലെ സെപ്റ്റിക് ടാങ്ക് തകർന്ന് കാറും രണ്ട് ബൈക്കുകളും കുഴിയിലകപ്പെട്ടു. പരുത്തിത്തോപ്പ് അനിത നിവാസിൽ ബഷീറിന്റെ വീട്ടിലാണ് സംഭവം. രാത്രിയിൽ പെയ്ത കനത്ത മഴയിൽ കാർപോർച്ചിലെ സെപ്റ്റിക് ടാങ്കിന്റെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് വാഗനർ കാറും ബൈക്കുകളും ടാങ്കിനുള്ളിൽ വീണു. നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കയർ കെട്ടി കാറും ബൈക്കുകളും കുഴിയിൽ നിന്നും കരയ്ക്കെത്തിച്ചു. സംഭവമറിഞ്ഞ് അഡ്വ.എം.വിൻസെന്റ് എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.
സർക്കാർ ഹെൽപ്പ് ലൈൻ ആരംഭിക്കണം
മഴക്കെടുതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. ഓരോ പഞ്ചായത്തുകളിലെയും മഴക്കെടുതികൾ വിലയിരുത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും സർക്കാർ ഹെൽപ്പ് ലൈൻ ആരംഭിക്കണം- അഡ്വ.എം.വിൻസെന്റ് എം.എൽ.എ
മഴക്കാലമായാൽ റോഡ് വെള്ളത്തിനടിയിൽ
വിതുര: പൊന്മുടി-നെടുമങ്ങാട് സംസ്ഥാന പാതയിലെ തൊളിക്കോട് തോട്ടുമുക്കിൽ നിന്നും കന്നുകാലി വനം മേഖലയിലേക്കുള്ള റോഡ് മഴക്കാലമായാൽ വെള്ളത്തിനടിയിലാണ്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ ഉൾപ്പെടുന്ന ഈ റോഡിലൂടെയുള്ള കാൽനടയാത്രപോലും റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കാരണം ദുരിതപൂർണമാണ്. ടാറിളകി കുഴികൾ നിറഞ്ഞ ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പലഭാഗത്തും ഓട നിർമ്മിച്ചിട്ടില്ല എന്നതാണ് റോഡ് വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ റോഡിൽ കെട്ടുന്ന വെള്ളം യാത്രക്കാരെ മാത്രമല്ല വലയ്ക്കുന്നത്. റോഡിന് സമീപത്തെ വീടുകളിലും വെള്ളം കയറും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. കന്നുകാലി വനം റൂട്ടിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ പേരിൽ നിരവധി സമരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലുമായി ഓട നിർമ്മിച്ച് റോഡ് ടാർ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. ഇതിനായി നാട്ടുകാർ ഒപ്പിട്ട നിവേദനം തൊളിക്കോട് പഞ്ചായത്ത് അധികാരികൾക്ക് നൽകിയിട്ടുണ്ട്. നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് അധികാരികൾ നൽകിയതായും നട്ടുകാർ പറഞ്ഞു. നടപടികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.