jail

തിരുവനന്തപുരം : സംസ്ഥാനത്ത് ജയിലുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തടവുപുള്ളികൾക്കായി എല്ലാ ജില്ലകളിലും കൊവിഡ് പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കി. സ്വകാര്യ ആശുപത്രികളും മറ്റ് സർക്കാർ സ്ഥാപനങ്ങളുമാണ് പരിശോധനാ കേന്ദ്രങ്ങളായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഒരോ കേന്ദ്രങ്ങളിലും പ്രത്യേക ഡോക്ടർമാരെയും ഇതിനായി ചുമതലപ്പെടുത്തി. വിവിധ ജില്ലകളിലായുള്ള പരിശോധനാ കേന്ദ്രങ്ങളിൽ 296 കിടക്കകളും 52 മുറികളുമുണ്ട്. റിമാൻഡ് പ്രതികളെയും പരോൾ കഴിഞ്ഞ് വരുന്നവരെയും ഈ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധനയ്ക്ക് വിധേരാക്കിയ ശേഷമേ ജയിലുകളിൽ പ്രവേശിപ്പിക്കൂ.

അൻപതോളം റിമാൻഡ് പ്രതികളാണ് ഇതിനോടകം പരിശോധനാ കേന്ദ്രങ്ങളിലെത്തിയത്. പി.സി.ആർ പരിശോധന ഫലം വരുന്നതുവരെ തടവുകാരെ ഈ കേന്ദ്രങ്ങളിൽ താമസിപ്പിക്കും. തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കും. ഫലം നെഗറ്റീവ് ആകുന്നവരെ അതത് ജയിലുകളിലേക്ക് കൊണ്ടുപോകും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുണ്ടായാൽ കൊവിഡ് ആശുപത്രികളിലേക്ക് മാറ്റും. പരിശോധനാ കേന്ദ്രങ്ങളിലും കൊവിഡ് ആശുപത്രികളിലും തടവുകാർക്കായി ജയിൽ അധികൃതർ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. തിരുവനന്തപുരത്തും കണ്ണൂരിലും തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.