വർക്കല: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്ര സർക്കാർ റദ്ദാക്കിയതിലൂടെ കേരളത്തിലെ വിശ്വാസി സമൂഹത്തോട് കാണിച്ച കൊടിയ വഞ്ചനയാണെന്ന് മന്ത്റി കടകംപളളി സുരേന്ദ്രൻ. പദ്ധതി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.ജോയി എം.എൽ.എ വർക്കല മൈതാനത്ത് നടത്തിയ സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശിവഗിരി ടൂറിസം സർക്യൂട്ട് കേന്ദ്രം നേരിട്ട് ഐ.ടി.ഡിസി വഴി നടപ്പാക്കുമെന്നാണ് പദ്ധതി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി പറഞ്ഞത്. ഇത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പദ്ധതി കേന്ദ്രം തന്നെ നേരിട്ട് നടപ്പാക്കണമെന്ന് ശിവഗിരിയിലെ സന്യാസിമാർ നേരിട്ട് പോയി അഭ്യർത്ഥിച്ചതും അറിയാം. എന്നിട്ടിപ്പോൾ ഒറ്റവരി കത്തിലൂടെയാണ് പദ്ധതി റദ്ദാക്കിയതായി സർക്കാരിനെ അറിയിച്ചത്. കേന്ദ്രം തന്നെ പദ്ധതി റദ്ദ് ചെയ്തിട്ട് അതിന്റെ പഴി സംസ്ഥാന സർക്കാരിൽ കെട്ടിവയ്ക്കുന്നത് ദുഷ്ടലാക്കോടെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടുന്നതിന് വേണ്ടിയുളള ഒരു സംവിധാനമാക്കി നവോത്ഥാനകേന്ദ്രമായ ശിവഗിരിയെ ബി.ജെ.പി കാണുകയായിരുന്നു. ഇതിനു കനത്ത വില നൽകേണ്ടിവരുമെന്നും മന്ത്റി പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എ, അഡ്വ. എസ്.ഷാജഹാൻ, എം.കെ.യൂസഫ്, വി. രഞ്ജിത്ത്, ബിന്ദുഹരിദാസ്, എസ്.രാജീവ്, വി.സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.
എം.എൽ.എയുടെ നേതൃത്വത്തിൽ സത്യാഗ്രഹം
വർക്കല:കേന്ദ്രസർക്കാർ ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് അഡ്വ. വി. ജോയി എം.എൽ.എ യുടെ നേതൃത്വത്തിൽ വർക്കല മുനിസിപ്പൽ പാർക്കിൽ സത്യാഗ്രഹം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ ബി.പി. മുരളി, അഡ്വ.എസ്. ഷാജഹാൻ, എം.കെ. യൂസഫ്, കെ.എം. ലാജി, ബിന്ദു ഹരിദാസ്, അഡ്വ. കെ.ആർ. ബിജു, എസ്. രാജീവ്,ബി. സത്യദേവൻ, ശ്രീജ ഷൈജു ദേവ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, സി.പി.ഐ നേതാവ് വി.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ശിവഗിരി ടൂറിസം പദ്ധതി പുനഃസ്ഥാപിക്കണമെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വൈകിട്ട് നടന്ന സമാപന യോഗം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.