പോത്തൻകോട്: കേരളത്തിന്റെ റോഡ് ഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റവുമായി 2016ൽ നിർമ്മാണം തുടങ്ങിയ മാതൃകാ സുരക്ഷാ റോഡ് പദ്ധതി അവസാനഘട്ടത്തിൽ. എം.സി റോഡിലെ സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ലോക ബാങ്കിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയത്. ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള നിരവധി കാര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ കാട്ടായിക്കോണം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, കാരേറ്റ്, ചടയമംഗലം, നിലമേൽ, ആയൂർ, കൊട്ടാരക്കര തുടങ്ങി 17 പ്രധാന ജംഗ്ഷനുകളിലെ നവീകരണം പൂർത്തിയായി. പൊതുമരാമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിനാണ് (കെ.എസ്.ടി.പി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. പദ്ധതി പൂർത്തിയായി 6 വർഷം വരെ പരിപാലന ചുമതലയും കരാറെടുത്ത കമ്പനികൾക്കാണ്. പദ്ധതി വിഹിതത്തിന്റെ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിച്ചത്.
പദ്ധതിയുടെ പ്രത്യേകതകൾ
-----------------------------------
ആധുനിക റോഡ് മാർക്കിംഗ്
ഫുട്പാത്തുകളും കലിങ്കുകളും
ഓടകളുടെ നവീകരണം, നിർമ്മാണം
കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ
റോഡ് കൈവരികളുടെ നിർമ്മാണം
മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ
അത്യാധുനിക സിഗ്നൽ സംവിധാനം
ദിശാസൂചക ബോർഡുകൾ
കഴക്കൂട്ടം മുതൽ തൈക്കാട് വരെ - 12 കിലോമീറ്റർ റോഡ്
തൈക്കാട് മുതൽ അടൂർ വരെ - 78 .65 കിലോമീറ്റർ റോഡും
പദ്ധതിത്തുക - 146 .67 കോടി
റോഡ് സേഫ്ടിക്ക് മാത്രം 65 കോടി
നവീകരണം നടക്കുന്നത് - 31 ജംഗ്ഷനുകളിൽ
പ്രതികരണം
------------------------
മാതൃക സുരക്ഷാ റോഡ് പദ്ധതിയുടെ 95 ശതമാനം പണികളും പൂർത്തിയായി. പദ്ധതിയുടെ പരിധിയിൽ 31 ജംഗ്‌ഷനുകൾ ഉൾപ്പെടുന്നുണ്ട്. റോഡ് മാർക്കിംഗും കെൽട്രോണിന്റെ നേതൃത്വത്തിൽ സിഗ്‌നൽ സംവിധാനങ്ങളും പൂർത്തിയാകാനുണ്ട്.
ഗീത ( എക്‌സിക്യൂട്ടിവ് എൻജിനിയർ, കെ.എസ്.ടി.പി )
വേഗക്കാർ ലോക്ക് ആകും
----------------------------------------------------
അമിത വേഗത്തിലും അലസതയോടെയും വാഹനമോടിക്കുന്നവരെയും നിയമം ലംഘിക്കുന്നവരെയും കാത്ത് ആധുനിക രീതിയിൽ പരിശീലനം ലഭിച്ച ഹൈടെക് പൊലീസ് മാതൃകാ സുരക്ഷാ റോഡിൽ ഉണ്ടാകും. റോഡ് തുറന്നുകൊടുക്കുന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ആഭിമുഖ്യത്തിൽ പുതിയ പരിശോധനാ സംവിധാനം നിലവിൽ വരും. ഇതിനായി അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക വാഹനങ്ങൾ കെ.എസ്.ടി.പി അതത് വിഭാഗങ്ങൾക്ക് കൈമാറും. പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, കൊട്ടാരക്കര, അടൂർ പൊലീസ് സ്‌റ്റേഷനുകൾക്കാണ് വാഹനങ്ങൾ ലഭ്യമാക്കുക. രാജ്യാന്തര നിലവാരത്തിൽ വാഹന പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഇവ ഉടൻ പ്രവർത്തിച്ചുതുടങ്ങുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
നിയമ ലംഘകരുടെ ശ്രദ്ധയ്‌ക്ക് !
-------------------------------------------------
അമിത വേഗം, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഇല്ലാതെ വാഹനം ഓടിക്കൽ, റോഡിലെ മാർക്കിംഗ് മുറിച്ചുകടക്കൽ, തെറ്റായ ഓവർ ടേക്കിംഗ്, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവ നടത്തുന്നവർ കുടുങ്ങും.
9 കാറുകളും 4 ബൈക്കുകളും
ഓരോ 20 കിലോ മീറ്ററിലും പരിശോധന