തിരുവനന്തപുരം: ആരോഗ്യ, ഭക്ഷണവിതരണ, ശുചീകരണ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആരെയും, കണ്ടെയ്ൻമെന്റ് മേഖലയിലേക്കോ അവിടെനിന്ന് പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കണ്ടെയ്ൻമെന്റ് മേഖലകൾ ദിനംപ്രതി മാറുന്നതിനാൽ ദിവസവും രാവിലെ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാർ നിയന്ത്റണങ്ങൾ ഏർപ്പെടുത്തും
രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ എല്ലായിടത്തും നടപ്പാക്കും. അത്യാവശ്യ യാത്രയ്ക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. രാവിലെ അഞ്ചിനും രാത്തി ഒമ്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്രയ്ക്ക് പാസ് ആവശ്യമില്ല. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കും. ആട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കും യാത്ര ചെയ്യാം. ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വന്ന് ഏഴ് ദിവസത്തിനകം മടങ്ങുന്നവർക്കും, യന്ത്റങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മ
റ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്കും ക്വാറന്റൈൻ ആവശ്യമില്ല.
പാലക്കാട്, വയനാട്, കാസർകോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവർക്കായി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് പുതുക്കാം. 65 വയസ്സിന് മുകളിലുളളവരും പത്ത് വയസ്സിന് താഴെയുള്ളവരും വീടുകളിൽ കഴിയണം. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാവൂ. അനുവാദമുള്ളൂ.
കേരളത്തിൽ പ്രവേശിക്കുന്നവർ ഇ-ജാഗ്റതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ നാല് ജീവനക്കാർക്ക് കൂടി പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങൾ വൃത്തിയാക്കാനും പൂജകൾക്കുമായി പുരോഹിതർ ഉൾപ്പെടെ അഞ്ച് പേർക്ക് നേരത്തേ പ്രവേശനം അനുവദിച്ചിരുന്നു.
എട്ടിന് ശേഷമുള്ള ഇളവുകൾ:
ഇന്ന് മന്ത്രിസഭ ചർച്ച ചെയ്തേക്കും
ഈ മാസം എട്ടിന് ശേഷം കേന്ദ്രം നടപ്പാക്കുന്ന ലോക്ക് ഡൗൺ അഞ്ചാംഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിർദ്ദേശങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. വിവിധ വകുപ്പുകളിൽ വരുത്തേണ്ട ഇളവുകളും തുടരേണ്ട നിയന്ത്രണങ്ങളും സംബന്ധിച്ച് മന്ത്രിമാർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചേക്കും.
ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് സർക്കാരിന് മുന്നിൽ പ്രധാനമായുമുള്ളത്. എട്ടിന് ശേഷം ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശിക്കാനനുവാദം കേന്ദ്രം നൽകിയിട്ടുണ്ട്. മതമേലദ്ധ്യക്ഷന്മാരുമായി നാളെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുന്നുണ്ട്.
കാലവർഷം ആരംഭിച്ചതിനാൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തേക്കും. ബാർ ലൈസൻസ് ഫീസിൽ ഇളവ് വേണമെന്ന ബാറുടമകളുടെ ആവശ്യവും മന്ത്രിസഭയുടെ മുന്നിലെത്തിയേക്കാം.
പി.ബി യോഗം: വാർത്താസമ്മേളനം
ഒഴിവാക്കി മുഖ്യമന്ത്രി
സി.പി.എം പോളിറ്റ്ബ്യൂറോ യോഗം വീഡിയോ കോൺഫറൻസ് വഴി ഇന്നലെ ചേർന്ന സാഹചര്യത്തിൽ പതിവ് വാർത്താസമ്മേളനം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ച ശേഷം സി.പി.എം സമ്പൂർണ പി.ബി യോഗം ചേരുന്നത് ഇതാദ്യമായാണ്. ഇന്നലെ പതിവ് കൊവിഡ് അവലോകനയോഗവും ഇല്ലായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവരും തിരുവനന്തപുരത്ത് നിന്നാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.