watzp

കിഴക്കമ്പലം: മുല്ലപ്പെരിയാർ പൊട്ടുമെന്ന വ്യാജ വാട്സപ്പ് സന്ദേശത്തെ തുടർന്നാണ് കിഴക്കമ്പലത്ത് ജാർഖണ്ഡ് വനിത തൊഴിലാളികൾ നാട്ടിൽ പോകാൻ തെരുവിലിറങ്ങിയതെന്ന സൂചനയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നാനൂറോളം പേരാണ് സംഘടിച്ച് റോഡിലിറങ്ങിയത്.ട്രെയിൻ ഓടിത്തുടങ്ങിയെന്നും, ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ 5 വർഷത്തേക്ക് തിരിച്ച് പോകാൻ സാധിക്കില്ലെന്ന സന്ദേശവും പ്രചരിച്ചു. ഇന്നലെ സ്കൂളിലെ ക്യാമ്പിലെത്തിയ പൊലീസ് ഫോണും, സന്ദേശങ്ങളും പരിശോധിച്ചു. നേരത്തേ കൊല്ലത്തും സമാന രീതിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു.

തെക്കെ ഇന്ത്യയിൽ ഏ​റ്റവുമധികം സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്സ്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇവിടെയുണ്ട്. മ​റ്റു സ്ഥാപനങ്ങളേക്കാൾ കൂടുതൽ ശമ്പളവും ആനുകൂല്യവും കി​റ്റെക്‌സ് നൽകുന്നതായി കമ്പനി അധികൃതർ വ്യക്തമാക്കി.

15 വർഷത്തോളമായി ജീവനക്കാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഏ​റ്റവും ഉയർന്ന പ്ലാ​റ്റിനം ഗ്രേഡ് സർട്ടിഫിക്ക​റ്റാണ് കമ്പനിക്കുള്ളത്. ലോക്ക്ഡൗൺ കാലയളവിലും മാനദണ്ഡങ്ങൾ പാലിച്ച് കമ്പനിയിൽ എല്ലാ ദിവസവും ജോലി നടന്നു. കൃത്യമായ ശമ്പളവും ഭക്ഷണവും നൽകി. നാട്ടിലേക്ക് മടക്കി അയക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലാണ് തൊഴിലാളികൾ ഇറങ്ങി പോയത്. അയ്യായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ കമ്പനിയിൽ ഇപ്പോഴും ജോലി തുടരുന്നുണ്ട്. ശമ്പളവും ഭക്ഷണവും ലഭിക്കുന്നില്ല എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ശമ്പളം കൃത്യമായി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓരോ മാസവും കൈമാറിയിട്ടുണ്ടെന്ന് കി​റ്റെക്‌സ് ഗാർമെൻറ്‌സ് എം.ഡി യും സി.ഇ.ഒ യുമായ സാബു എം. ജേക്കബ് പറഞ്ഞു.