തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു. അടുത്ത മൂന്നു ദിവസവും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്നലെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നല്ല മഴ ലഭിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നലെ നിസർഗ ചുഴലിക്കാറ്റായി ഗോവയ്ക്ക് 280 കിലോമീറ്റർ അടുത്തെത്തി. ഇന്ന് പുലർച്ചെ 5.30നും ഉച്ചയ്ക്ക് 11.30 നും ഇടയിൽ അത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള സ്ഥലങ്ങളിൽ ആഞ്ഞടിക്കും. ഇതുമൂലം കേരള തീരത്ത് കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.