pradikal

കഴക്കൂട്ടം: കഠിനംകുളം മുണ്ടൻചിറയിൽ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ പുത്തൻപാലം സ്വദേശി പ്രദീപ് (36) തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് (28), വിഷ്ണു (26), തൗഫീഖ് (20) എന്നിവരെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മുണ്ടൻചിറയിൽ 24 കാരിയായ ശിവരഞ്ജിനിക്കും കഠിനംകുളം മുണ്ടൻചിറ സ്വദേശികളായ ജോയ് (52), ഷിബു (42), ജോയ്(40) ഉൾപ്പെടെ നാല് പേർക്കാണ് അക്രമികളുടെ വേട്ടേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ടുദിവസം മുമ്പ് ഗുണ്ടാസംഘങ്ങൾ തമ്മിൽ മുണ്ടൻചിറയിൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറഞ്ഞതിന് ഗുണ്ടാസംഘത്തിലെ ഒരാളെ എതിർ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അതിന്റെ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ച് പേരടങ്ങുന്ന സംഘം ഒരു സ്ത്രീയടക്കം നാലുപേരെ വെട്ടി പരിക്കേൽപ്പിച്ചത്. ഒളിവിൽ പോയ പ്രതികളെ കഠിനംകുളം പൊലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും കഠിനംകുളം ഇൻസ്പെക്ടർ പറഞ്ഞു.