തിരുവനന്തപുരം: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ. അനിൽ പ്രസ്‌താവനയിൽ പറഞ്ഞു. കേരളത്തിന്റെ ടൂറിസം വികസനരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി റദ്ദാക്കിയത്. ശിവഗിരിയും ചെമ്പഴന്തിയും അരുവിപ്പുറവും ഉൾപ്പെടുന്ന പദ്ധതിയോട് ആദ്യം മുതൽ തന്നെ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനം നൽകിയ പദ്ധതി നിർദ്ദേശം കേന്ദ്രം ഏകപക്ഷീയമായി പരിഷ്‌കരിക്കുകയായിരുന്നു. ഇപ്പോൾ പദ്ധതി തന്നെ ഇല്ലാതാക്കി. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 8ന് നടക്കുന്ന പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാൻ ജി.ആർ. അനിൽ അഭ്യർത്ഥിച്ചു.