ksrtc-terminal

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അന്തർജില്ലാ ബസ് സർവീസുകൾ പുനരാരംഭിക്കും. രാവിലെ 5ന് ആരംഭിച്ച് രാത്രി 9ന് ഡിപ്പോകളിൽ തിരിച്ചെത്തുന്ന തരത്തിൽ അയൽജില്ലകളിലേക്കു മാത്രമാണു സർവീസ്.

2283 ഓർഡിനറി, 944 ഫാസ്റ്റ് പാസഞ്ചർ എന്നിവ ഉൾപ്പെടെ 3227 സർവീസുകൾ നടത്താനുള്ള ഷെഡ്യൂൾ കെ.എസ്.ആർ.ടി.സി തയ്യാറാക്കി.

എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്നതിനാൽ,പഴയ നിരക്കിലാണ് കെ.എസ്.ആർ.ടി.സി സർവീസ്. എന്നാൽ സർക്കാ‌ർ ഉത്തരവിറങ്ങിയില്ലെന്നു പറഞ്ഞ് പല സ്വകാര്യ ബസുകളും കൂടിയ നിരക്ക് ഈടാക്കിയത് പലയിടത്തും ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്ക് തർക്കത്തിന് കാരണമായി.

ബസ് സർവീസുകളുടെ ക്രമീകരണം സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ കെ.എസ്.ആർ.ടി.സി എം.ഡി,​ എക്സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവരുമായി ചർച്ച നടത്തി. മേയ് 20ന് സർവീസ് തുടങ്ങിയശേഷം 10 ദിവസത്തെ നഷ്ടം 5.11 കോടിയാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യബസുകളുടെ റോഡ്നികുതിയിൽ ഈ മാസം 30 വരെ നൽകിയ ഇളവ് തുടരും.

ബസ് യാത്ര: നിബന്ധനകൾ

നിന്നു യാത്ര ചെയ്യാനാവില്ല. ഹോട്ട് സ്‌പോട്ട്, കണ്ടെയ്ൻമെന്റ് മേഖലകളിൽ ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല.  യാത്രക്കാർക്ക് മാസ്ക് നിർബന്ധം. യാത്രയ്ക്ക് മുൻപും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം. 10 വയസിൽ താഴെയുള്ള കുട്ടികളും 65 വയസിനു മുകളിലുള്ളവരും എന്തെങ്കിലും രോഗമുള്ളവരും ബസ് യാത്ര ചെയ്യരുത്. സർവീസ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് വാട്സാപ്പ് - 8129562972, വെബ്‌സൈറ്റ് :www.keralartc.com, കെ.എസ്.ആർ.ടി.സി കൺട്രോൾറൂം: 9447071021, 04712463799