*ഐ.ടി.ഡി.സിയുടെ വീഴ്ച കേന്ദ്രമന്ത്രി വി.മുരളീധരൻ മറച്ചു പിടിക്കുന്നു
തിരുവനന്തപുരം:ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിന് കാരണം കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ടി.ഡി.സിയുടെ വീഴ്ചയാണെന്ന് തുറന്നു സമ്മതിക്കാൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ ആർജവം കാട്ടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം ഈ പദ്ധതിക്ക് നൽകിയ പണം ചെലവഴിക്കാത്തതാണ് പ്രശ്നമായത്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് ചുമതലപ്പെടുത്തിയത് ഐ.ടി.ഡി.സിയെയാണ്. 69.47 കോടിയാണ് ഇതിനായി അനുവദിച്ചത്.2019ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് ഉത്തരവിട്ടതെങ്കിലും ഒരു നിർമ്മാണവും ഐ.ടി.ഡി.സി നടത്തിയില്ല.സംസ്ഥാന ടൂറിസം വകുപ്പിന് ഈ പദ്ധതി നിർവഹണത്തിൽ ഒരു പങ്കാളിത്തവുമില്ലെന്ന് വ്യക്തമായിട്ടും, രാഷ്ട്രീയ മുതലെടുപ്പിനായി പലരും സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് പറയുന്നു.
ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി യാതൊരു കാരണവും വ്യക്തമാക്കാതെ ഉപേക്ഷിച്ചതിലൂടെ തികഞ്ഞ ഗുരുനിന്ദയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീനാരായണ ഗുരു സർക്യൂട്ടും, 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉപേക്ഷിച്ച തീരുമാനം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം.അതിനായി കേന്ദ്രമന്ത്രി വി.മുരളീധരൻ സമ്മർദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി പറഞ്ഞു.