തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 50 ആയി. മരിയനാട് സ്വദേശി (35 ),കല്ലറ സ്വദേശി (48),ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശി (39),വള്ളക്കടവ് ബീമാപള്ളി സ്വദേശി (45),വെഞ്ഞാറമ്മൂട് ആലിയാട് സ്വദേശി (53), പുത്തൻതോപ്പ് സ്വദേശി (സ്ത്രീ - 38) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേരും വിദേശത്ത് നിന്ന് വന്നവരാണ്.രോഗം സ്ഥിരീകരിച്ച നാലാഞ്ചിറ സ്വദേശി ഫാ.കെ.ജി.വർഗീസ് (77) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. ഇദ്ദേഹത്തിന് യാത്രാപശ്ചാത്തലമില്ല. രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.ഏപ്രിൽ 20ന് റോഡപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് നാലുപേർക്ക് രോഗലക്ഷണമുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.രണ്ടു പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലും പാർപ്പിച്ചിരുന്നു. ഇന്നലെ 20 പേരെ വിവിധ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.430 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ഇന്നലെ ലഭിച്ച 140 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. 381 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ-12,034
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ-10,141
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -1444
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ-1749
ഇന്ന് പുതുതായി നിരീക്ഷണത്തിലായവർ-842