തിരുവനന്തപുരം :തലസ്ഥാനത്ത് ഇന്നലെയുണ്ടായ കൊവിഡ് മരണം പുതിയ ആശങ്കകൾക്ക് വഴിതുറക്കുന്നു. മരണപ്പെട്ട നാലാഞ്ചിറ ബെനഡിക് നഗർ സ്വദേശി ഫാ.കെ.ജി.വർഗീസിന് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ആശുപത്രിവാസത്തിലായിരുന്നു. അതുകൊണ്ട് ആശങ്ക ഇരട്ടിക്കുകയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു. ഒരുമാസം മുമ്പ് പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി മരിച്ചപ്പോൾ ആദരാഞ്ജലി അർപ്പിച്ച ശേഷം അപരിചിതനായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബനഡിക്ട് നഗറിൽ വച്ച് സ്കൂട്ടർ മറിഞ്ഞ് 77കാരനായ ഫാദർ വർഗീസിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. എന്നാൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് ഭയന്ന് ഇദ്ദേഹത്തെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് നാട്ടുകാരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഏപ്രിൽ 20നാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റതിനാൽ ന്യൂറോ സർജറി വിഭാഗത്തിലേക്ക് മാറ്റി. തലയ്ക്കുണ്ടായ ക്ഷതത്തിന് മരുന്ന് നൽകി. ഇതിനിടെ ശ്വാസതടമുണ്ടായപ്പോൾ ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ കഴുത്തിൽ ട്യൂബിട്ടു (ട്രക്കിയോസ്റ്റമി). തലയ്ക്കേറ്റ ക്ഷതം ഭേദമായതിനാൽ മേയ് 20 ഡിസ്ചാർജ് ചെയ്തു. എന്നാൽ ശ്വസന സംബന്ധമായ പ്രശ്നമുള്ളതിനാൽ ട്യൂബ് മാറ്റിയില്ല. അതിനാൽ സമീപത്തെ പേരൂർക്കട ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇട്ടിരിക്കുന്ന ട്യൂബ് മാറ്റുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി ഡിസ്ചാർജ് ചെയ്ത ശേഷം മൂന്നുവട്ടം ഇദ്ദേഹം മെഡിക്കൽ കോളേജിലെ ഇ.എൻ.ടി ഒ.പിയിലെത്തി. പേരൂർക്കട ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ എത്തിച്ചത്. എന്നാൽ മേയ് 31ന് ശ്വാസതടവും ന്യുമോണിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ കൊണ്ടുവന്നു. ഉടൻ കൊവിഡ് ഐസോലേഷൻ വാർഡിലേക്ക് മാറ്റി സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്നലെ രാവിലെ അഞ്ചു മണിയോടെയായിരുന്നു മരണം. രാജസ്ഥാനിലുള്ള മകൾ വന്നശേഷം സംസ്കാരം നടത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷമാണ് വൈദിക വൃത്തിയിലേക്ക് എത്തിയത്. ഭാര്യ മേരിക്കുട്ടി (മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ചു). മകൾ: ബിനു വർഗീസ് (അദ്ധ്യാപിക, രാജസ്ഥാൻ), മകൻ: ബിജി വർഗീസ്. മൃതദേഹം പ്രത്യേക സുരക്ഷാസംവിധാനങ്ങളോടെ മെഡിക്കൽകോളേജ് മോർച്ചറിയിലേക്കു മാറ്റി.
ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ
വൈദികന്റെ കൊവിഡ് ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ പേരൂർക്കട ആശുപത്രിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ളവരും മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിൽ പരിശോധിച്ച ഡോക്ടർമാരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിലുള്ളവർക്ക് ഇത് ബാധകമല്ല. രണ്ടാഴ്ച മുൻപ് ഇദ്ദേഹത്ത ഡിസ്ചാർജ് ചെയ്തിരുന്നു.14 ദിവസത്തിലേറെയായി വൈദികൾ ന്യൂറോ സർജറിയിൽ എത്തിയിട്ടില്ല. അതിനാലാണ് ഈ വിഭാഗത്തെ ഒഴിവാക്കിയത്.