തിരുവനന്തപുരം: മുഴുവൻ സീറ്റിലും യാത്ര ചെയ്യാൻ അനുവാദം നൽകിയതോടൊപ്പം ബസ് ചാർജ് നിരക്കും പഴയതുപോലെയാക്കിയ സർക്കാർ തീരുമാനത്തിൽ സ്വകാര്യ ബസ് ഉടമകൾക്ക് എതിർപ്പ്. ഇന്നലേയും കൂടിയ നിരക്ക് ഈടാക്കിയാണ് സ്വകാര്യബസുകൾ സർവീസ് നടത്തിയത്. സർക്കാർ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ സമരത്തിനുള്ള ആലോചനയിലാണ് ബസുടമകളുടെ സംഘടനകൾ. ഇന്ന് യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. ബസിൽ യാത്രക്കാർ കയറുന്നത് കുറവാണെന്നും അതിനൊപ്പം നിരക്കു കൂടി കുറച്ചാൽ കൂടുതൽ നഷ്ടത്തിലാകുമെന്നുമാണ് ബസുടമകൾ പറയുന്നത്.