തിരുവനന്തപുരം: ബൈക്ക് സിമെന്റ് മിക്‌സർ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ബാലരാമപുരം സ്വദേശി ഷെഹിനാണ് (31) പരിക്കേറ്റത്. പാറ്റൂർ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. സിഗ്നൽ കടന്ന് വരികയായിരുന്ന ലോറിയും വഞ്ചിയൂർ ഭാഗത്തുനിന്ന് മെയിൻ റോഡിലേക്ക് കയറിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണംവിട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു. എതിർവശത്തേക്ക് മറിഞ്ഞുവീണ ഷെഹിന് റോഡിലും ഡിവൈഡറിലും ഇടിച്ചാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഷെഹിൻ.