തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽ തമ്മിലടിച്ച പൊലീസുകാരെ പ്രത്യേക ഡ്യൂട്ടികളിൽ നിന്നൊഴിവാക്കി. ഡ്യൂട്ടി ഡീറ്റെയ്‌ലിംഗ് ചുമതലയുള്ള പൊലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ സജിത്തും അസോസിയേഷൻ അംഗവും അസി. കമൻഡാന്റിന്റെ റൈറ്ററുമായ റെനീഷുമാണ് തമ്മിലടിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഡ്യൂട്ടി ഡീറ്റെയ്‌ലിംഗ് സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാൻ റെനീഷ് സജിത്തിന് അടുത്തെത്തിയപ്പോൾ വാക്കേറ്റമുണ്ടായി. തുടർന്ന് റെനീഷിനെ സജിത്ത് അടിച്ചു. ഉന്തും തള്ളും അസഭ്യം വിളിയുമുണ്ടായപ്പോൾ അടുത്തുണ്ടായിരുന്ന പൊലീസുകാർ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സജിത്തിനെ അഡ്‌ജുസന്റ് ഓഫീസിൽ നിന്നും റെനീഷിനെ അസി. കമൻഡാന്റിന്റെ ഓഫീസിൽ നിന്നും ഡെപ്യൂട്ടി കമൻഡാന്റ് സോളമൻ മാറ്റി. ഇരുവരെയും എസ്.എ.പിയിലെ മറ്റ് ഡ്യൂട്ടികളിൽ നിയോഗിച്ചു. അതേസമയം പരാതിയുണ്ടാകാതെ സംഭവം ഒതുക്കിത്തീർക്കാൻ അസോസിയേഷൻ നേതൃത്വം രംഗത്തെത്തി. പരാതിയുണ്ടായാൽ രണ്ടുപേർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.