university-of-kerala-logo

തിരുവനന്തപുരം: കേരള സർവകലാശാലയുടെ അവസാന സെമസ്റ്രർ ബിരുദ പരീക്ഷ ആദിവാസി മേഖലകളിലെ കുട്ടികൾ അറിഞ്ഞില്ല. അഗസ്ത്യവനത്തിനടുത്തുള്ള കാണിത്തടം, ചാത്തൻകോട് എന്നീ പ്രദേശങ്ങളിലെ മൊബൈലോ വീടുകളിൽ ടിവിയോ പത്രമോയില്ലാത്ത ആദിവാസി വിദ്യാർത്ഥികളാണ് സർവകലാശാല പരീക്ഷ എന്നാണെന്നു പോലും അറിയാതിരുന്നത്. ഇവരെക്കുറിച്ചറിയാമായിരുന്ന മുൻ അദ്ധ്യാപിക ഡോ.പാർവതീ മേനോൻ അവസാന മണിക്കൂറുകളിൽ കഠിന പ്രയത്നം നടത്തിയാണ് ഈ മേഖലയിലെ മൂന്ന് പെൺകുട്ടികളെ പരീക്ഷയ്‌ക്കെത്തിച്ചത്. ഇവർ തിരുവനന്തപുരം നഗരത്തിലെ മൂന്ന് കോളേജുകളിലാണ് പഠിക്കുന്നത്. ലോക്ക് ഡൗൺ കാരണം ഹോസ്​റ്റൽ അടച്ചതിനാൽ വിദ്യാർത്ഥിനികൾ വനമേഖലയിലെ വീടുകളിലേക്കു മടങ്ങിയിരുന്നു. ടീച്ചറിൽ നിന്ന് പരീക്ഷയുടെ വിവരമറിഞ്ഞ കുട്ടികൾക്ക് പക്ഷേ നഗരത്തിലേക്കെത്താൻ ബസോ,​ താമസിക്കാൻ സ്ഥലമോയില്ലാത്തത് പ്രതിസന്ധിയിലാക്കി. ഒടുവിൽ ഇക്കാര്യങ്ങൾ അറിഞ്ഞ സ്ഥലം എം.എൽ.എ കെ.എസ്. ശബരീനാഥൻ ഏർപ്പാടാക്കിയ വാഹനത്തിൽ പാർവതി മേനോന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ അവിടെ താമസിച്ചാണ് ഇന്നലെ പരീക്ഷയെഴുതിയത്.