തിരുവനന്തപുരം:നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനോപാധികൾ നൽകാനുള്ള ഡി.വൈ.എഫ്.ഐയുടെ ടിവി ചലഞ്ചിന് സിനിമാ രംഗത്തു നിന്നും മികച്ച പ്രതികരണം. അഞ്ച് ടി.വികൾ സംഭാവന ചെയ്ത് ചലഞ്ചിൽ ആദ്യം പങ്കാളിയായത് നടി മഞ്ജു വാര്യരാണ്.
'ഒന്നിലധികം ടിവിയുള്ളവർ ഒരു ടിവി തരൂ. ടിവി വാങ്ങി നൽകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യുക' എന്നാണ് കാമ്പെയിൻ സന്ദേശം. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും സഹകരണം ഉറപ്പു നൽകി. സർക്കാരിന്റെ ബ്രേക്ക് ദ് ചെയിൻ കാമ്പെയിനിലും മഞ്ജു പിന്തുണയുമായി എത്തിയിരുന്നു.
ടി.വി ചലഞ്ച് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി ഫോൺ കോളുകൾ എത്തിയെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു. നേരത്തെ ഹൈബി ഈഡൻ എംപി ഓൺലൈൻ വിദ്യാഭ്യാസത്തിനായി ആരംഭിച്ച ടാബ്ലെറ്റ് വിതരണത്തിൽ സംവിധായകൻ അരുൺ ഗോപി അഞ്ചു ടാബ്ലെറ്റുകൾ നൽകിയിരുന്നു.