തിരുവനന്തപുരം : കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കാട്ടാക്കട സ്വദേശിയായ ദമ്പതികളുടെ വിവരങ്ങൾ ഒറ്റശേഖരമംഗലത്തെ കുന്നനാട് ദേവി ക്ഷേത്ര ഗ്രൂപ്പിലാണ് പ്രചരിച്ചത്. തുടർന്ന് കുന്നനാട് സ്വദേശി ആകാശിനെതിരെ കൊവിഡ് ബാധിതരുടെ കുടുംബം ആരോഗ്യവകുപ്പിന് പരാതി നൽകി. ഇത് പൊലീസ് കൈമാറുകയായിരുന്നു.കാട്ടാക്കട പൊലീസിൽ നിന്നാണ് തനിക്ക് വിവരങ്ങൾ കിട്ടിയതെന്ന് ആകാശ് ഗ്രൂപ്പിൽ വെളിപ്പെടുത്തിയ ആഡിയോ ക്ലിപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും വിവരം ലഭിച്ചുവെന്ന മൊഴി ഏറെ ഗുരുതരമാണ്. കൊവിഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാർ രഹസ്യമായി കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർന്നത്. അസാമിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കിയത് കൂടാതെ കൊവിഡ് ബാധിച്ചിട്ടും തങ്ങൾ പുറത്ത് കറങ്ങി നടക്കുന്നു എന്ന പ്രചാരണവുമുണ്ടായി ഇത് പ്രദേശവാസികൾക്കിടയിൽ കുടുംബത്തെ കുറിച്ച് ഭീതി പടർന്നതായും ഇതിൽ മാനസിക വിഷമമുണ്ടെന്നും പരാതിയിൽ പറയുന്നു.