muthuswamy

നാഗർകോവിൽ: പഴക്കടയുടെ പൂട്ട് തകർത്ത് മേശയിലുണ്ടായിരുന്ന 17 ലക്ഷം രൂപ കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി തമിഴ്നാട് സ്‌പെഷ്യൽ സ്‌ക്വാഡ് പൊലീസ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലായിരുന്നു സംഭവം. തിരുവനന്തപുരം ജില്ല നെടുമങ്ങാട്, ആര്യനാട് പുതുതെരിവ് സ്വദേശി നാരായണന്റെ മകൻ മുത്തുസ്വാമിയാണ് (62) പിടിയിലായത്. നാഗർകോവിൽ മേല സൂരങ്കുടി സ്വദേശിയായ ശിവകുമാറിന്റെ പഴക്കടയിലാണ് കവർച്ച നടന്നത്. ശിവകുമാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങൾ എടുത്ത് നാഗർകോവിലിലെ തന്റെ പഴക്കടയിൽ എത്തിച്ച ശേഷം ജില്ലയിലെ വിവിധ കടകളിൽ സപ്ലൈ ചെയ്ത് വന്നിരുന്നു. തിങ്കളാഴ്ച രാത്രി കടയടച്ച് വീട്ടിൽ പോയ ശിവകുമാർ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് കടയുടെ ഷട്ടർ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വടശ്ശേരി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് ജില്ലാ പൊലീസ് മേധാവി ശ്രീനാഥിന്റെ നിർദ്ദേശ പ്രകാരം,നാഗർകോവിൽ എ.എസ്.പി ജവഹറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ സംസീറിന്റെ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. സമീപത്തെ സി.സി. ടിവി ദൃശ്യങ്ങളിൽ നന്നാണ് മുത്തുസ്വാമിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയായിരുന്നു. വടശ്ശേരിയിലെ ബീവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന 17 ലക്ഷം രൂപയും പിടിച്ചെടുത്തു. മുത്തുസ്വാമിയുടെ പേരിൽ തമിഴ്നാട്,കേരള,കർണാടക സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്ത് വരികയാണ്.