തൃശൂർ: നാളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനകളോടെ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനമായി.പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. വിവാഹം നടത്തുന്നതിനുള്ള അഡ്വാന്‍സ് ബുക്കിംഗ് ഉടനെ ആരംഭിക്കും.
പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. ഒരു വിവാഹത്തില്‍ 10 പേര്‍ക്ക് പങ്കെടുക്കാം. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നിരീക്ഷണത്തിലല്ല എന്ന സർട്ടിഫിക്കറ്റുകളും വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.
വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. വധൂവരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ ക്ഷേത്രത്തിൽ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.