മുംബയ്: അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് തീരത്തേക്കടുക്കുന്നു. നിസർഗ ഉടൻ തീവ്ര ചുഴലിയായി മാറും. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലി കരയിലേക്ക് വീശുക. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്.
2005 ലെ മുംബയ് വെള്ളപ്പൊക്കത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ മഴയാണ് പ്രവചനങ്ങളിലുള്ളത്. അടുത്ത 24 മണിക്കൂറിൽ 20 സെന്‍റീമീറ്ററിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 2005 ജൂലൈ 26 ലെ പെരുമഴയില്‍ 90 സെന്‍റീമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്തിറങ്ങിയത്. കെട്ടിടങ്ങളുടെ പല നിലകൾ മുങ്ങി. വാഹനങ്ങളിലും വീടുകളിലും അടക്കം ശ്വാസം കിട്ടാതെ അന്ന് ആയിരത്തിലേറെ പേർ മരിച്ചിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് താഴെയായ മുംബയിലെ പല ഭാഗങ്ങളും എല്ലാ മഴക്കാലത്തും മുങ്ങാറുണ്ട്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ചേരികളിലടക്കം താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കുകയാണ്. കടൽ ഒരു കിലോമീറ്റർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്. തീരമേഖലയിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ശ്രമം പുലര്‍ച്ചെ വരെ നീണ്ടു. തീര ജില്ലകളിൽ രാത്രി മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്.
മുംബയ്,താനെ,പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബയിൽ നിന്നുള്ള 17 വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കി.
കൊവിഡിനേക്കാൾ വലിയ വെല്ലുവിളിയെന്ന് ഉദ്ധവ് താക്കറെ
എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. സംസ്ഥാനം ഇപ്പോൾ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാൾ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗൺ ഇളവുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയിൽ തുടരണം എന്ന് ഉദ്ധവ് താക്കറെ അറിയിച്ചു.