കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വെള്ളല്ലൂരിൽ റേഷൻകാർഡ് അടക്കം യാതൊരു രേഖയുമില്ലാതെ ടാർപ്പാളിൻ ഷെഡിൽ അന്തിയുറങ്ങിയ അശോകനും കുടുംബത്തിനും കുടുംബശ്രീയുടെ കൂട്ടായ്മയിൽ സ്നേഹവീടൊരുങ്ങി. വെള്ളല്ലൂർ കൊക്കോട്ടുവീട്ടിൽ മാനസിക അസ്വാസ്ഥ്യം നേരിടുന്ന ദമ്പതിമാരായ ആശോകൻ- ഉഷ എന്നിവരും ഇവരുടെ വിദ്യാർത്ഥികളായ മക്കൾ അശ്വതി, അഖിൽ എന്നിവരുമാണ് വർഷങ്ങളായി ദുരിതജീവിതം നയിച്ചിരുന്നത്.
യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെ കഴിഞ്ഞിരുന്ന ഇവർക്ക് വീടൊരുക്കിയത് കുടുംബശ്രീയുടെ സ്നേഹനിധി പദ്ധതിയിലൂടെയാണ്. കുടുംബശ്രീ വിഹിതമായി 2,25,000 രൂപയും നഗരൂർ പഞ്ചായത്തിലെ 3, 4, 14, 16 വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളായ തൊഴിലുറപ്പ് പ്രവർത്തകർ സമാഹരിച്ച ഒരു ലക്ഷം രൂപയും നാട്ടുകാരുടെ വിഹിതവും ചേർത്ത് നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയ്ക്കാണ് 500 ചതുരശ്ര അടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടൊരുക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം ബി. സത്യൻ എം.എൽ.എ നിർമ്മിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ജില്ലാപഞ്ചായത്തംഗം ഡി. സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഷീബ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ നെടുമ്പറമ്പ് പി. സുഗതൻ, വെള്ളല്ലൂർ കെ. അനിൽ കുമാർ, പഞ്ചായത്തംഗം എൻ. ചന്ദ്രശേഖരൻ നായർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, വൈസ് ചെയർപേഴ്സൺ സിന്ധു, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എം. ഷിബു, എസ്. സജ്ജനൻ തുടങ്ങിയവർ പങ്കെടുത്തു.