heavy-rasin

മുംബയ്: നിസർഗ ചുഴലിക്കാറ്റ് ഇന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയിൽത്തൊടുന്ന ചുഴലി മുംബയ് നഗരത്തിൽ ആഞ്ഞടിക്കും.

മുംബയ്, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കേരളത്തിൽ ചുഴലി ഉണ്ടാകില്ലെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകും. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 11.5 സെന്റീമീറ്റർ വരെയോ, 20.4 സെന്റീമീറ്റർവരെയോ അതിശക്തമായ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശും. മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ നിലയുറപ്പിച്ചിട്ടുണ്ട്.. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്.