covid-death

തിരുവനന്തപുരം : ബൈക്കിൽ നിന്ന് വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറയിലെ വൈദികന്റെ രോഗഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ന്യുമോണിയയെ തുടർന്ന് മരണപ്പെട്ട വൈദികനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെയും പേരൂർക്കട ഗവ. ആശുപത്രിയിലെയും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കൽ കോളേജിൽ വൈദികൻ ചികിത്സയിൽ കഴിഞ്ഞ ബെഡിൽ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയിൽ സന്ദർശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രിൽ 20നാണ് നാലാഞ്ചിറ ബനഡിക്ട് നഗറിൽ നിന്ന് റോഡിലൂടെ വന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് വൈദികൻ അപകടത്തിൽപ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിർത്താതെ പോകുകയും ചെയ്തു.

തലയ്ക്ക് പരുക്കേറ്റ് റോഡിൽ വീണ് കിടന്ന വൈദികനെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടർന്ന് 20ന് ഡിസ്ചാർജ് ചെയ്ത് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു. അവിടെ ചികിത്സ തുടർന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.

30ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഐ.സി.യുവിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണശേഷമാണ് കൊവിഡ് പരിശോധനാഫലം ലഭിച്ചത്. ഇത് കാരണം വൈദികന് കൊവിഡ് ബാധയുണ്ടെന്നറിയാതെ നിരവധി പേർ ആശുപത്രിയിൽവച്ച് അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടു. ഇവരെ തിരിച്ചറിയുകയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള ദൗത്യം. കൊവിഡ് ബാധിതനായാണ് വൈദികൻ മരിച്ചതെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ സന്ദ‌ർശിച്ച സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ആരോഗ്യവകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങൾ ആരായുന്നുണ്ട്.

ഇവരോടെല്ലാം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച ആരോഗ്യവകുപ്പ് ഇവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ബൈക്ക് അപകടത്തിലാണ് വൈദികന് പരിക്കേറ്റതെങ്കിലും കഴിഞ്ഞദിവസമാണ് ഒരു ബന്ധു ഇക്കാര്യം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

ബന്ധുവിന്റെ സന്ദർശനത്തെ തുടർന്ന് മണ്ണന്തല പൊലീസ് സ്റ്റേഷൻ നഗരസഭയുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ അണുവിമുക്തമാക്കി.പോത്തൻകോട് എ.എസ്.ഐയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈദികന്റെ രോഗബാധയും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിനിടെ ബാഹ്യസമ്പർക്കത്തിന് സാദ്ധ്യതയില്ലാതിരുന്ന വൈദികന് ആശുപത്രിയിൽ നിന്നാകാം രോഗമുണ്ടായതെന്നാണ് നിലവിലെ സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.