p-chidambaram

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക ജഡ്ജിക്ക് മുമ്പാകെ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി. ചിദംബരം ആവശ്യപ്പെട്ടത് പ്രകാരം കാര്‍ത്തി ചിദംബരത്തിന് ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ ഐ.എന്‍.എക്‌സ് മീഡിയ കമ്പനി ഉടമ നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളൊന്നും തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിനെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും കേസില്‍ പ്രതി ചേര്‍ത്തത്.

കഴിഞ്ഞ ഒക്ടോബറിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ സമര്‍പ്പിച്ച കേസിലെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കാനിരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 2007 ല്‍ ഒന്നാം യു.പി.എ സര്‍ക്കാർ കാലത്ത് ധനമന്ത്രിയായിരുന്ന പി.ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടംലംഘിച്ച് മാദ്ധ്യമപ്രവര്‍ത്തകനായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നല്‍കിയെന്ന പരാതിയില്‍ സി.ബി.ഐ കേസെടുക്കുകയായിരുന്നു.