mask

തിരുവനന്തപുരം:മഴക്കാലമായതോടെ മാസ്ക്ക് ധരിക്കുന്നത് മറ്റൊരു റിസ്ക്കാവുകയാണ്. മറ്റൊന്നുമല്ല, മഴയിൽ നനയുന്ന മാസ്ക്ക് ഉണങ്ങാതെ ധരിക്കരുത്. മഴയത്ത് പോകുമ്പോൾ മാസ്ക്ക് നനയുകയാണെങ്കിൽ അത് മാറ്റി പുതിയത് ധരിക്കണം. ഇല്ലെങ്കിൽ അതിലൂടെ ഫംഗസും ബാക്ടീരിയയും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

നനഞ്ഞാൽ ഒരു മിനിട്ടുപോലും മുഖത്ത് വയ്ക്കരുത്.വച്ചുകൊണ്ടിരുന്നാൽ ബാക്ടീരിയയും ഫംഗസുമുണ്ടായി ചൊറിച്ചിലിനു ഇടയാക്കും. അത് ശരീരത്തിനുള്ളിലേക്ക് കടക്കും. ചുണ്ടുകളിലും മുഖത്തും വെളുത്തപാടുകളും ചുവന്ന തടിപ്പുകളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്. രോഗം എന്താണെന്നറിയാതെ രോഗി വിഷമിച്ചു പോകുന്ന അവസ്ഥയുണ്ടാകും.

നനയുന്ന മാസ്ക്കുകൾ കഴുകി, ഉണക്കി, തേച്ച് മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

സോപ്പ് വെള്ളത്തിലോ അണുനാശിനിയിലോ കുറഞ്ഞത് ഒരു മണിക്കൂർ ഇട്ടുവയ്ക്കണം.

നാലുമണിക്കൂർ കൂടുമ്പോൾ മുഖാവരണം മാറ്റണം.ഒരെണ്ണം മാത്രം ഒരു ദിവസം മുഴുവൻ വയ്ക്കരുത്. അതുപോലെ ഇന്ന് വച്ചവ തന്നെ തുടർന്നുള്ള ദിവസങ്ങളിലും വയ്ക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.