vishwas-mehta

തിരുവനന്തപുരം: പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ലെന്നും മണൽ നീക്കുന്നത് പ്രളയത്തെ പ്രതിരോധിക്കാനാണെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. പമ്പായാത്രയിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയിൽ ഞാനും പോയി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനാണ് മണൽ നീക്കം ചെയ്യുന്നത്. ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് വർഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കളക്ടറെയും എസ്.പിയെയും ശാസിക്കുകയും ചെയ്തു. ടോം ജോസിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ശരിയല്ല. മണൽ നീക്കൽനടപടിയുമായി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു. വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്ടർ യാത്ര ദുരൂഹമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.