police-investigation-

തിരുവനന്തപുരം- കോട്ടയം താഴത്തങ്ങാടി ഷീബ വധക്കേസിൽ കൊലയാളികളുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ വീട്ടിനുള്ളിൽ നിന്നും ഫോറൻസിക് സംഘം കണ്ടെത്തിയതായി സൂചന. ഷീബയെയും ഭർത്താവ് സാലിയെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മുറികൾക്കുള്ളിൽ നിന്നാണ് ഇവരുടെതല്ലെന്ന് കരുതുന്ന വിരലടയാളങ്ങൾ ഫോറൻസിക് വിദഗ്ദർക്ക് ശേഖരിക്കാൻ കഴിഞ്ഞത്. ഷീബയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി സംശയിക്കുന്ന സ്റ്റൂളിൽ നിന്നും ഇവരെ വൈദ്യുതാഘാതമേൽപ്പിക്കാൻ ശ്രമിച്ച കേബിൾ, സ്വിച്ച് ബോർഡ് എന്നിവിടങ്ങളിൽ നിന്നാണ് അടയാളങ്ങൾ കണ്ടെത്തിയിട്ടുള്ളത്.ലഭിച്ച വിരലടയാളങ്ങൾ ക്വട്ടേഷൻ സംഘങ്ങളുടെയോ പ്രൊഫഷണൽ കൊലയാളികളുടെതോ ആണോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

ഇത് കൂടാതെ പുറത്ത് വിടാൻ കഴിയാത്ത ചില നിർണായക തെളിവുകളും ഫോറൻസിക് പരിശോധനയിൽ പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. താഴത്തങ്ങാടിയിലെ വീട്ടിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ രണ്ടുപേർ പങ്കെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം കാറുമായി രക്ഷപ്പെട്ട സിസി.ടിവി ദൃശ്യം ലഭിച്ചതിന്റെ എതിർവശത്തേക്ക് നീളുന്ന റോഡിൽ ബൈക്കിലോ മറ്റേതെങ്കിലും വാഹനത്തിലോ ആകാം കൊലയാളികൾ കൃത്യം നിർവ്വഹിക്കാനായി എത്തിയത്. കവർച്ചയോ കൊലപാതകമോ മുൻകൂട്ടി ആസൂത്രണം ചെയ്ത് എത്തിയതിനാലാണ് ഇവർ വന്ന വാഹനം സാലിയുടെ വീടിന്റെ പരിസരത്ത് എത്തിക്കാതെ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത്. കതക് പൊളിച്ച് വീട്ടിൽ കടന്നതിന്റെ തെളിവുകൾ ലഭിക്കാത്തതിനാൽ കൊലയാളിസംഘത്തെ സാലിയ്ക്കും ഭാര്യയ്ക്കും പരിചയമുള്ളവരാണെന്ന് സംശയിക്കുന്നുണ്ട്.

പ്രത്യാക്രമണം നടത്താൻ കഴിയുംമുമ്പെ ഇരുവരെയും അക്രമിച്ച് കീഴ്പ്പെടുത്തിയ കൊലയാളി സംഘം സംഭവത്തിന് ശേഷം വീട്ടിനുള്ളിൽ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അലമാരയിലും മുറിയിലും എന്തൊക്കെയോ പരതിയ കൊലയാളികൾ വീട്ടിനുള്ളിൽ നിന്നും വയറുപയോഗിച്ച് ഇരുവരെയും ഷോക്കേൽപ്പിച്ചിട്ടുണ്ട്. തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിട്ടും ഇരുവർക്കും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ മരണം ഉറപ്പാക്കാനാകാം ഷോക്കടിപ്പിച്ചതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. കൃത്യത്തിന് ശേഷം സാലിയുടെ കാറുമായി കൊലയാളി സംഘത്തിലെ ഒരാൾ രക്ഷപ്പെടുന്ന ദൃശ്യം അയൽവീട്ടിലെ സിസി ടിവി കാമറയിൽ പതിഞ്ഞെങ്കിലും സഹായി ആരാണെന്നോ രക്ഷപ്പെട്ടതെങ്ങനെയെന്നോ യാതൊരു തെളിവും ലഭിച്ചിട്ടില്ല.

എന്നാൽ കൊലയാളി സംഘത്തിലെ രണ്ടാമൻ രക്ഷപ്പെട്ട വഴിയിലേക്കാണ് പൊലീഡ് നായ മണം പിടിച്ചുപോതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കാറുമായി രക്ഷപ്പെട്ടതിന്റെ എതിർദിശയിലേക്കുള്ള പൊലീസ് നായയുടെ ഓട്ടം ഇന്നലെ നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ആശയ്കകുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനയിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശകലനത്തിലാണ് രണ്ടംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലെത്തിയത്.