തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ട്രയൽറൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒരാഴ്ച കൂടി ട്രയൽ റൺ നടത്തി അതിനിടെ അപാകതകൾ പരിഹരിക്കാനാണ് മന്ത്രിസഭായോഗത്തിൽ തീരുമാനമായത്.
ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.
ഈ ഘട്ടത്തില്‍ എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കാനാണിത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിരുന്നു. ധൃതിപിടിച്ച് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.