തിരുവനന്തപുരം: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു കോടിയോളം രൂപ പ്രളയ ഫണ്ടില്‍നിന്ന് തട്ടിയെടുത്ത വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഉത്തരവ്. മന്ത്രിയുടെ ഉത്തരവനുസരിച്ച് ജോയിന്‍റ് ലാൻഡ് റവന്യൂ കമ്മീഷണര്‍ എം. കൗശിക്ക് ആയിരിക്കും അന്വേഷണം നടത്തുക. പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. തട്ടിപ്പ് സംബന്ധിച്ച് നിലവില്‍ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥന്‍ മെയ് 31 ന് വിരമിച്ചിരുന്നു.
എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് മുഖ്യപ്രതിയായ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സി.പി.എം പ്രാദേശിക നേതാക്കളടക്കം ഉള്‍പ്പെട്ടിരുന്നു. വിഷ്ണുപ്രസാദിന്‍റെ സുഹൃത്ത് മഹേഷ്, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്‍റെ ഭാര്യ നീതു, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്‍.എന്‍. നിഥിന്‍, ഭാര്യ ഷിന്‍റു എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണവും ഗുണഭോക്താക്കള്‍ കളക്ടറേറ്റില്‍ തിരിച്ചടച്ച തുക വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റവന്യൂ സംഘം കണ്ടെത്തിയത്.