തിരുവനന്തപുരം: നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിലിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി രംഗത്ത്. കേരളത്തോട് ചേർന്ന് ന്യൂമാഹിയുടെ മദ്ധ്യത്തിലൂടെയുള്ള ഈ പാത, വെറും 9ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാഹിയെ രണ്ടായി മുറിക്കുമെന്നും, പുതിയ അലൈൻമെന്റ് നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം റെയിൽവേമന്ത്രി പീയുഷ്ഗോയലിന് കത്തുനൽകി. റൂട്ടുമാറ്റം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായിവിജയൻ ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു.
തിരൂർ മുതൽ കാസർകോട് വരെ നിലവില റെയിൽപാതയ്ക്ക് സമാന്തരമായി അതിവേഗറെയിലിന് പുതിയ പാത നിർമ്മിക്കാനാണ് റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) തീരുമാനിച്ചിരുന്നത്. പക്ഷേ, വടകരയിലും തലശേരിയിലുമായി നിലവിലെ റെയിൽപാതയിൽ 24കിലോമീറ്റർ വളവാണ്. 13സ്ഥലത്ത് വലിയ വളവുകളുണ്ട്. 200കി.മീ. വേഗത്തിൽ ട്രെയിനോടിക്കണമെങ്കിൽ 1850 മീറ്റർ വ്യാസമുള്ള വളവുകളേ പാടുള്ളൂ. കൊടുംവളവുകളാണെങ്കിൽ വേഗത 70-80കി.മീ. ആയി താഴ്‌ത്തേണ്ടിവരും. വളവുകൾ ഒഴിവാക്കാൻ നിലവിലെ റെയിൽപാതയിൽ നിന്ന് മാറി 54കിലോമീറ്റർ പുതിയ പാതയ്ക്കാണ് പദ്ധതിയിട്ടത്.
വടകരയിലും തലശേരിയിലും ദേശീയപാതയിലേതുപോലെ രണ്ട് ബൈപ്പാസായാണ് പുതിയപാത. കൊയിലാണ്ടി കഴിയുമ്പോൾ നിലവിലെ റെയിൽപാതയിൽ നിന്നുമാറി മാഹിയിലൂടെ കടന്ന് നിലവിലെ പാതയിൽ ബന്ധിപ്പിക്കും. തലശേരിയിലും ഇതുപോലെ റൂട്ട്മാറി. രണ്ടിടത്തുമായി ആയിരം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. എതിർപ്പുയർന്നതോടെ, നിലവിലെ ട്രാക്കിന് സമാന്തരമായി പുതിയ പാതയുണ്ടാക്കി മാഹിയെ ഒഴിവാക്കുന്നത് പഠിക്കാൻ കെ-റെയിലിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 24കിലോമീറ്റർ വളവുകൾ നിവർത്തിയെടുക്കാനും കുടിയൊഴിപ്പിക്കൽ വേണ്ടിവരുമെന്നും പുതിയട്രാക്കിനും പഴയതിനുമിടയിൽ കുറേയാളുകൾ കുടുങ്ങിപ്പോവുമെന്നും കെ-റെയിൽ റിപ്പോർട്ട് നൽകി. ഇവർക്കായി ഓരോ 500മീറ്ററിലും സബ്‌വേകളോ മേൽപ്പാലങ്ങളോ പണിയും. രണ്ട് പാതകൾക്കുമിടയിൽ 50മുതൽ 250മീറ്റർ വരെ വ്യത്യാസമുണ്ടാവും. ഇവിടെ ആളുകൾക്ക് താമസിക്കാം. എസ്റ്റിമേറ്റിൽ കാര്യമായ വ്യത്യാസമുണ്ടാവില്ല. വളവുകൾ നിവർത്തി പുതിയപാത സാദ്ധ്യമാണ്. പദ്ധതിക്കായി 200 ഹെക്ടർ റെയിൽവേ ഭൂമി നൽകുന്നതിന് സർക്കാർ പണം നൽകണം. ഭൂമിയുടെ വിലയായ 900കോടി അതിവേഗ റെയിലിൽ റെയിൽവേയുടെ ഓഹരിയാക്കും.
"അലൈൻമെന്റ് മന്ത്രിസഭ അംഗീകരിച്ചതാണ്. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നു. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി തുടങ്ങും."
-ജി.സുധാകരൻ
പൊതുമരാമത്ത് മന്ത്രി.
പദ്ധതിച്ചെലവ് - 66,405 കോടി
ഏറ്റെടുക്കേണ്ട ഭൂമി -1226.45 ഹെക്ടർ