nisarga-cyclone

മുംബയ്: തീവ്ര ചുഴലിക്കാറ്റായ നിസർഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടൽ. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. ഇതോടെ ഗതാഗത വാർത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരുമണിക്കൂറിനകം ചുഴലിക്കാറ്റ് പൂർണമായും കരയിലേക്കെത്തുമെന്നാണ് കരുതുന്നത്.

129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബയ് തീരത്തേക്ക് എത്തുന്നത്.
നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടൽ കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരും എത്തരുതെന്ന് അധികൃതർ കർശന നിർദ്ദേശം

പുറപ്പെടുവിച്ചിട്ടുണ്ട്.

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മുംബയ് , താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളിൽ, സാധാരണയിലേക്കാൾ, രണ്ട് മീറ്ററെങ്കിലും ഉയരത്തിൽ തിരകൾ ആ‌ഞ്ഞടിക്കാനാണ് സാധ്യത. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരിക്കുന്നത്.മഹാരാഷ്ട്രയ്ക്കൊപ്പം ഗുജറാത്ത്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്.

കഴിഞ്ഞ ആഴ്ച പശ്ചിമബംഗാൾ തീരത്ത് ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിൽ നൂറ് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേർ ഇപ്പോഴും ക്യാമ്പുകളിലാണ് കഴിയുന്നത്.