devika

സർക്കാരിന് സമൂഹത്തിലെ സകല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയില്ല. മികച്ച രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതായി സർക്കാരുകൾ നടിക്കും. അത് രാഷ്ട്രീയമായ നേട്ടത്തിന് വേണ്ടിയാണ്. അപ്പോഴും പല പ്രശ്നങ്ങളും അടിത്തട്ടിൽ പരിഹരിക്കപ്പെടാതെ അവശേഷിക്കും. അതിലേക്ക് വെളിച്ചം വീശാൻ ഒരു ട്രാജഡി ഉണ്ടാകണം. അപ്പോൾ സർക്കാർ സംവിധാനങ്ങൾ ജാഗരൂകമാകും. ചട്ടപ്പടിയൊക്കെ മാറ്റിവയ്ക്കും. ഉടനുടൻ കാര്യങ്ങൾ നടക്കും.

ഓൺലൈൻ പഠനത്തിന് ടിവി നന്നാക്കി കിട്ടാത്തതിന്റെ പേരിൽ മലപ്പുറത്ത് ഒമ്പതാം ക്ളാസുകാരി ദേവിക എന്ന ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം ഇത്തരത്തിലുള്ള നിരവധി കുട്ടികളുടെ മാനസിക വീർപ്പുമുട്ടലിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതാണ്. പൊതുസമൂഹം, സ്വകാര്യ മേഖല, സമൂഹ്യ സംഘടനകൾ, ബിസിനസ് പ്രമുഖർ, കാരുണ്യ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയുമായി കൈകോർത്ത് വിദ്യാഭ്യാസ വകുപ്പ് മുൻകൂർ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിൽ കേരളത്തിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യത്തിനാവശ്യമായ സാമഗ്രികൾ ഉറപ്പാക്കാമായിരുന്നു. സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത 2,61,784 കുട്ടികൾ ഉണ്ടെന്നാണ് സമഗ്ര ശിക്ഷാ കേരളയുടെ കണ്ടെത്തൽ.

അവർ ഈ കണ്ടെത്തൽ നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് പോലും രണ്ടാഴ്ച മുമ്പ് മാത്രമാണ്. പൊതു സമൂഹത്തിന്റെ സഹകരണത്തോടെ സർക്കാർ മുൻകൈ എടുത്തിരുന്നെങ്കിൽ ഈ കൊറോണക്കാലത്തും ഒരു മാസം മുമ്പ് തന്നെ മൂന്ന് ലക്ഷത്തിനകത്ത് വരുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, ലാപ്ടോപ്, നോട്ട് പാഡ് തുടങ്ങിയ സൗകര്യങ്ങൾ പ്രദാനം ചെയ്യാമായിരുന്നു. എല്ലാം സർക്കാർ പണമെടുത്ത് സർക്കാർ തന്നെ ചെയ്യും എന്ന രാഷ്ട്രീയ മനോഭാവം മാറ്റിയാൽ ഇതൊക്കെ ഖജനാവിൽ നിന്ന് അഞ്ച് പൈസ ചെലവാക്കാതെ നടത്താവുന്നതേയുള്ളൂ. സർക്കാരിന് മാത്രമല്ല പ്രതിപക്ഷത്തിനും തത്തുല്യമായ വീഴ്ച ഇവിടെ സംഭവിച്ചു.

മദ്യശാലകൾ തുറക്കുന്നതിനെ എതിർക്കുന്നതിൽ കാണിച്ച താത്‌പര്യം പോലും ഓൺലൈൻ പഠന സൗകര്യമില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികളുടെ കാര്യം ശ്രദ്ധയിൽപ്പെടും വിധം ഉന്നയിക്കുന്നതിൽ പ്രതിപക്ഷം കാണിച്ചില്ല. രാഷ്ട്രീയ നേതാക്കൾ തലക്കെട്ടുകൾ ഉണ്ടാക്കുന്ന വാർത്തകൾക്ക് മാത്രം പിറകെ പോകുമ്പോൾ സാധാരണക്കാരന്റെ അവസ്ഥ ബോധിപ്പിക്കാൻ ഇത്തരത്തിലുള്ള ട്രാജഡികൾ വേണ്ടിവരുമെന്ന് പറയേണ്ടിവരുന്നത് നിർഭാഗ്യകരമാണ്.

സർക്കാരിനും പ്രതിപക്ഷത്തിനും മാത്രമല്ല സാമൂഹ്യ സംഘടനകൾക്കും ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്വമുണ്ട്. ഒട്ടേറെ ദളിത് സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയ പഠന സൗകര്യങ്ങൾ ഇല്ലാതെ എത്ര കുട്ടികൾ തങ്ങളുടെ സമുദായത്തിലുണ്ട് എന്നതിന്റെ കണക്ക് എത്ര സംഘടനകളുടെ കൈയിൽ കാണും. എല്ലാത്തിനും സർക്കാരിനെ കുറ്റം പറയുന്ന ഒരു രീതിയാണ് അടിത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കുന്നതിന് പകരം പലസാമൂഹ്യ സംഘടനകളും സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യയിൽ യു.പിയും രാജസ്ഥാനും മാത്രമാണ് സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ലാപ്ടോപ് പ്രദാനം ചെയ്തിട്ടുള്ള സംസ്ഥാനങ്ങൾ.

യോഗി ആദിത്യനാഥിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാൻ സമയം കണ്ടെത്തുന്നവർ അദ്ദേഹം നടപ്പാക്കിയ ഈ നല്ല കാര്യം മാതൃകയാക്കാൻ മനസ്സുവച്ചില്ല. നല്ല മാതൃകകൾ ആര് മുന്നോട്ടുവച്ചാലും രാഷ്ട്രീയ ഭേദമന്യെ അത് അംഗീകരിക്കാനും അനുകരിക്കാനുമുള്ള രാഷ്ട്രീയ വിവേകമാണ് ഇനിയുള്ള കാലത്ത് വേണ്ടത്.

പരമ്പരാഗത രീതിയിൽ നിന്ന് മാറി ഓൺലൈൻ ക്ളാസ് തുടങ്ങുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും പൊതുവെ ആശങ്ക ഉണ്ടായിരുന്നു. സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ എങ്ങനെ ഓൺലൈൻ പഠനം നടത്തും എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം.

എന്നാൽ ഈ പ്രശ്നം പരിഹരിക്കാതെ ജൂൺ 1ന് തന്നെ പഠനം തുടങ്ങാനുള്ള ധൃതിപിടിച്ച തീരുമാനം ഒഴിവാക്കണമായിരുന്നു. ഒരു മാസം കഴിഞ്ഞ് സ്കൂൾ തുറന്നാൽ പോലും അദ്ധ്യാപകർക്ക് സിലബസ് അനുസരിച്ചുള്ള അദ്ധ്യയനം നടത്താൻ കഴിയുമായിരുന്നു. മാത്രമല്ല ഒരാഴ്ചയെങ്കിലും ട്രയൽ നടത്തിയതിനുശേഷം വേണമായിരുന്നു ഓൺലൈൻ പഠനം ആരംഭിക്കാൻ. എല്ലാ സൗകര്യങ്ങളുമുള്ള വിദ്യാർത്ഥികൾക്ക് പോലും വൈഫൈയുടെ തകരാറ് കാരണവും മറ്റ് കണക്‌ഷൻ പ്രശ്നങ്ങളും കൊണ്ട് നേരെ ചൊവ്വെ ഓൺലൈൻ പഠനം നടത്താൻ പറ്റാത്ത സ്ഥിതിയാണിപ്പോഴും. ഇതൊക്കെ പരിഹരിക്കാനും ഇടപെടാനും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അദ്ധ്യാപകരുടെ എണ്ണവും കുറവാണ്.

പഠനം എന്നന്നേക്കുമായി വഴിമുട്ടി എന്ന തോന്നൽ അതിശക്തമായ ഏതോ ഒരു ഇരുണ്ട നിമിഷത്തിലാവും പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക ജീവനൊടുക്കിയത്. ദേവികയുടെ വീടിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് എല്ലാ മാദ്ധ്യമങ്ങളും എഴുതിയിട്ടുണ്ട്. അച്ഛന് ലോട്ടറി വില്പനയായിരുന്നു. ലോക്ക് ഡൗണിൽ ജോലി ഇല്ലാതായി. ഇളയ കുഞ്ഞിന്റെ ചികിത്സയ്ക്ക് ഒരുലക്ഷം രൂപ കടമുണ്ട്. ടിവി നന്നാക്കാൻ അദ്ദേഹം മുതിരാത്തത് പണമില്ലാത്തതിനാലാണ്.

ഇക്കാര്യത്തിൽ റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്ത് ഭാരവാഹികളും മറ്റും മുൻകൂട്ടി വിവര ശേഖരണം നടത്തി ഇടപെടേണ്ടതായിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. 'ഞാൻ പോകുന്നു" എന്നെഴുതി​ വച്ച് ആ കുട്ടി​ പോയി​.

ഓൺ​ലൈൻ ക്ളാസുകൾക്ക് സൗകര്യമി​ല്ലാത്ത വി​ദ്യാർത്ഥി​കൾക്ക് ബദൽ സംവി​ധാനങ്ങളുമായി​ കൈറ്റും വി​ദ്യാഭ്യാസ വകുപ്പും ഇപ്പോൾ മുന്നോട്ടു വന്നി​ട്ടുണ്ട്. ഈ ആഴ്ച തന്നെ എല്ലാ കുട്ടി​കൾക്കും സൗകര്യമൊരുക്കാനുള്ള ശ്രമത്തി​ലാണ്. ഇതൊക്കെ കുറച്ചുകൂടി​ നേരത്തേ ആകാമായി​രുന്നു. ടി​വി​ ഇല്ലാത്തവർക്ക് കെ.എസ്.എഫ്.ഇ സഹായത്തോടെ ടി​വി​ വാങ്ങി​ അയൽപക്ക പഠനകേന്ദ്രത്തി​ന് നൽകാൻ തീരുമാനമായതു തന്നെ, ഓൺ​ലൈൻ പഠന സൗകര്യം ലഭി​ക്കാതെ മലപ്പുറത്ത് കുട്ടി​ ജീവനൊടുക്കി​യ വാർത്ത വന്നതിന്ശേഷമാണ്.