cm

പത്തനംതിട്ട: പമ്പയില്‍ നിന്ന് മണല്‍ നീക്കുന്നത് തടഞ്ഞ വനം സെക്രട്ടറിയുടെ ഉത്തരവില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഉത്തരവിലെ ചില വ്യവസ്ഥകളാണ് പൊതുമേഖല സ്ഥാപനം വഴിയുള്ള മണലെടുപ്പ് തടസപ്പെട്ടതെന്നതാണ് അതൃപ്തിക്ക് കാരണം. പമ്പയിൽ നിന്നെടുക്കുന്ന മണലിലെയും ചെളിയുടേയും നിരക്ക് പിന്നീട് തീരുമാനിക്കാമെന്ന് ഉത്തരവില്‍ വ്യവസ്ഥയുണ്ടായിരുന്നു. വനത്തിലെ മണ്ണെടുപ്പിന് നിലവിലെ സീവേജ്‌ വാങ്ങിയാല്‍ വന്‍ നഷ്ടമുണ്ടാകും. ഇതാണ് പ്രവര്‍ത്തിയില്‍ നിന്ന് പൊതുമേഖല സ്ഥാപനത്തെ പിന്തിരിപ്പിച്ചത്.

മണലെടുപ്പിന് അധികാരം നല്‍കുന്ന വ്യക്തമായ അറിയിപ്പില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ക്ലേയ്‌സ്‌ ആന്‍ഡ് സെറാമിക് എം.ഡി. ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉത്തരവില്‍ നിരക്ക് സംബന്ധിച്ച് വ്യവസ്ഥ വച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. വനം മന്ത്രി കെ. രാജുവിനെയും സെക്രട്ടറി ആശ തോമസിനെയും ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതായാണ് സൂചന. എന്നാല്‍ ത്രിവേണിയിലെ മണലും ചെളിയും വാരുന്നതിനാണ് അനുമതി. വനപ്രദേശത്തേക്ക് കടന്ന് മണല്‍ വാരാന്‍ അനുമതിയില്ലെന്നും മന്ത്രി കെ. രാജു വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പമ്പയിലെ മണ്ണും ചെളിയും നീക്കം വിവാദത്തിലായത്. പൊതുമേഖല സ്ഥാപനമായ ക്ലേയ്‌സ്‌‌ ആന്‍ഡ് സെറാമിക്കാണ് മണല്‍ നീക്കം ആരംഭിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വനം സെക്രട്ടറി ആശ തോമസ് ഇറക്കിയ ഉത്തരവ് എല്ലാം തകിടം മറിച്ചുവെന്നാണ് സര്‍ക്കാർ തലത്തിലുള്ള വിമര്‍ശനം.