photo

പാലോട്: ജലദൗർലഭ്യം പരിഹരിക്കുന്നതിനായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഴക്കുഴികൾ അപകടക്കെണികളാകുന്നു. കഴിഞ്ഞ ദിവസം ആനകുളം കൃഷ്ണവിലാസത്തിൽ അഞ്ചു വയസുള്ള നിരഞ്ജൻ മരണമടഞ്ഞത് വീടിന്റെ അടുക്കളയോട് ചേർന്നുള്ള മഴക്കുഴിയിൽ വീണാണ്. കനത്ത മഴ തുടരുന്നതിനാൽ വെള്ളം നിറഞ്ഞ് കവിയുന്ന മഴക്കുഴികൾ കാണാൻ സാധിക്കില്ല. ഇത് വൻ ദുരന്തത്തിന് വഴിവയ്ക്കും. നിരവധി വീടുകളിൽ ഇത്തരം മഴക്കുഴികൾ നിർമ്മിച്ചിട്ടുള്ളതിനാൽ അധികൃതർ അടിയന്തരമായി ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയോ അപകടങ്ങൾ ഒഴിവാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്ന ആവശ്യം ശക്തമാണ്.